സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ ദുര്‍ബലമാകും; ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത: കണ്ണൂരും കാസര്‍ഗോഡും യെല്ലോ അലര്‍ട്ട്



സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ ദുര്‍ബലമാകും; ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യത: കണ്ണൂരും കാസര്‍ഗോഡും യെല്ലോ അലര്‍ട്ട്






തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ ദുര്‍ബലമാകുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ മഴ മുന്നറിയിപ്പില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ 11.55 സെന്റീമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം.

ജൂലൈ അവസാനത്തോടെ വീണ്ടും കേരളത്തില്‍ മഴ സജീവമാകാന്‍ സാധ്യതയുണ്ട്. വടക്കന്‍ കേരളം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദപാത്തിയാണു നിലവിലെ മഴയ്ക്ക് കാരണം. തീരങ്ങളില്‍ ഉയര്‍ന്ന തിരയ്ക്കും കടലാക്രമണത്തിനും സാധ്യത തുടരുന്നുണ്ട്. അതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും.

അടുത്ത നാലു ദിവസം സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയുണ്ട്. വടക്കന്‍ കേരളത്തില്‍ പ്രത്യേകിച്ച് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ മഴ തുടരും.

ജലനിരപ്പ് ഉയര്‍ന്ന് ഇടുക്കി അണക്കെട്ട്
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 50 ശതമാനമായി ഉയര്‍ന്നു. ഒരാഴ്ചയില്‍ 11 ശതമാനം വെള്ളമാണ് അണക്കെട്ടില്‍ ഒഴുകിയെത്തിയത്. ഈ മാസം ഇതുവരെ 435.533 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ ആവശ്യമായ വെള്ളം അണക്കെട്ടില്‍ ഒഴുകിയെത്തിയപ്പോള്‍ മൂലമറ്റം നിലയത്തില്‍ 147.88 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിച്ചു.

കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായി മഴ പെയ്തത് ജലനിരപ്പ് ഉയരുന്നതിന് കാരണമായി. അണക്കെട്ടിലേക്കുള്ള ജലസ്രോതസ്സുകള്‍ സജീവമായി. അണക്കെട്ടിലിപ്പോള്‍ 2355.10 അടി വെള്ളമുണ്ട്. സമുദ്രനിരപ്പില്‍ നിന്നുള്ള ഉയരമാണ്. ഡാമില്‍ കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 2324.36 അടി വെള്ളമായിരുന്നു ഉണ്ടായിരുന്നത്.