കേരളാ നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി; ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ്


കേരളാ നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി; ഗവർണർക്ക് സുപ്രീം കോടതി നോട്ടീസ് 


തിരുവനന്തപുരം: കേരളാ നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടിയിൽ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സുപ്രീം കോടതി നോട്ടീസ്. ബില്ലുകൾ തടഞ്ഞുവച്ചതിനെതിരെ കേരളം നൽകിയ ഹർജിയിലാണ് നോട്ടീസ് നൽകിയത്. കേന്ദ്ര സർക്കാരിനും നോട്ടീസ് നൽകിയിട്ടുണ്ട്. രാഷ്ട്രപതി ബില്ലുകൾക്ക് അനുമതി നല്കാത്തതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. സമാനമായ ഹർജിയിൽ പശ്ചിമ ബം​ഗാൾ ​ഗവർണർക്കും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്. 


നിയമസഭ പാസാക്കിയ നാല് ബില്ലുകൾ തടഞ്ഞുവെച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്നാണ് കോടതിയിൽ കേരളം വാദിക്കുന്നത്.  അനുമതി നിഷേധിച്ച ബില്ലുകളിൽ രാഷ്ട്രപതിയും ഗവർണറും രേഖപ്പെടുത്തിയതെന്തെന്നറിയാന്‍ ഫയലുകള്‍ വിളിച്ചുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവർണർ, കേന്ദ്രസർക്കാർ എന്നിവരാണ് എതിർകക്ഷികൾ. ചീഫ് സെക്രട്ടറിയും ടി.പി. രാമകൃഷണന്‍ എം.എല്‍.എയുമാണ് ഹര്‍ജിക്കാർ.