അര്‍ജുന് വേണ്ടിയുള്ള ദൗത്യം നിര്‍ണ്ണായക ഘട്ടത്തിലേക്ക് ; ഡൈവര്‍മാര്‍ ആദ്യം ക്യാബിനില്‍ പരിശോധന നടത്തും

അര്‍ജുന് വേണ്ടിയുള്ള ദൗത്യം നിര്‍ണ്ണായക ഘട്ടത്തിലേക്ക് ; ഡൈവര്‍മാര്‍ ആദ്യം ക്യാബിനില്‍ പരിശോധന നടത്തും


ബംഗലുരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന് വേണ്ടിയുള്ള ദൗത്യം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. തെരച്ചിലിന് ഐബോഡ് ഉള്‍പ്പെടെയുള്ള സാങ്കതിക ഉപകരണങ്ങള്‍ ഉപയോഗിക്കും. ലോറി കീഴ്‌മേല്‍ മറിഞ്ഞ നിലയിലാണ്. മരത്തടികള്‍ വേര്‍പെടുത്തിയാകും ലോറി ഉയര്‍ത്തുക. ലോറിയുടെ പൊസിഷന്‍ നിര്‍ണ്ണയിക്കുകയാണ് പ്രധാനം. അര്‍ജുന്റെ അരികിലേക്ക് എത്താന്‍ മണ്ണുനീക്കവും ശക്തമാക്കി.

സോണാര്‍ പരിശോധനയില്‍ ഇന്നത്തെ ആദ്യ സിഗ്നല്‍ ലഭിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ലോറിയുള്ളത് ഇന്നലത്തെ അതേ ലൊക്കേഷനില്‍ തന്നെയാണെന്നാണ് ഇന്നത്തെയും സിഗ്നലുകള്‍ നല്‍കുന്ന സൂചനകള്‍. പ്രതികൂല കാലാവസ്ഥയാണ് പ്രധാന തിരിച്ചടി. നേവിയുടെ അഞ്ചംഗ ഡൈവര്‍മാരുടെ സംഘം പുഴയില്‍ ഇറങ്ങി പരിശോധന തുടങ്ങി. രണ്ടു ഡിങ്കിബോട്ടുകളിലായി സംഘം ലൊക്കേഷനില്‍ പരിശോധന നടത്തുന്നത്. അതിനുശേഷം ഡീപ് ഡൈവ് നടത്തി ലോറിയുടെ ക്യാബിനില്‍ പരിശോധന നടത്തും. ദൗത്യം ഒരുമണിയോടെയാണ് തുടങ്ങുക.

അടിയൊഴുക്കുകള്‍ കുറയുന്നത് കണക്കാക്കി നേവിയുടെ ട്രയല്‍ നടത്തുക. അപകട സ്ഥലത്ത് നിന്ന് 20 മീറ്റര്‍ മാറി കണ്ടെത്തിയ ലോറിയില്‍ നിന്ന് അര്‍ജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. അര്‍ജുനെ ഉയര്‍ത്തിയ ശേഷമായിരിക്കും ലോറി പുറത്തെടുക്കുക. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ഒരുമണിയോടെ തുടങ്ങും. ഡ്രോണിന്റെ സിഗ്നല്‍ നഷ്ടപ്പെടാതിരിക്കാന്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സോണാര്‍ സിഗ്‌നല്‍ ലഭിച്ച കേന്ദ്രത്തില്‍ ലോറി ഉണ്ടെന്ന് ഉറപ്പിക്കാനാണ് ഡൈവര്‍മാര്‍ പരിശോധന നടത്തുന്നത്.

ഗംഗാവാലി പുഴയുടെ തീരത്തിനും പുഴയിലെ മണ്‍കൂനക്കും ഇടയിലായാണ് ലോറിയുള്ളത്. അര്‍ജുന്‍ ക്യാബിനിലുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യപരിഗണ. എമര്‍ജന്‍സ് റെസ്പോണ്‍സ് സംഘം കര്‍വാര്‍ നേവല്‍ ബേസിലുണ്ട്. നേവിയുമായി സംയുക്തമായി തിരച്ചില്‍ നടക്കുന്നത്. പുഴയിലെ കുത്തൊഴുക്ക് മാത്രമാണ് ഇപ്പോള്‍ പ്രതിസന്ധിയുണ്ടാക്കുന്നത്.

ടക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിര്‍ണയിക്കാന്‍ ഐബോഡ് ഉപയോഗിച്ച് പരിശോധന നടത്തും. പന്ത്രണ്ടരയോടെ ഈ പരിശോധന തുടങ്ങുമെന്നാണ് വിവരം. ഡ്രോണ്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്‌കാനറില്‍ പുഴയ്ക്ക് അടിയിലെ സിഗ്‌നലും ലഭിക്കും. നോയിഡയില്‍ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്. ഐബോഡ് സംവിധാനത്തിന്റെ ബാറ്ററികള്‍ ദില്ലിയില്‍ നിന്നും രാജധാനി എക്‌സ്പ്രസില്‍ എത്തിക്കുന്നത്.

നിലവില്‍ നേവി സംഘം നേരിടുന്ന പ്രധാന വെല്ലുവിളി ഗംഗാവലി പുഴയുടെ അടിയൊഴുക്കാണ്. പുഴയുടെ ഒഴുക്കിന്റെ ശക്തി നിയന്ത്രിക്കുന്നതടക്കമുള്ള കാര്യം പരിഗണനയിലുണ്ട്. ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാകും തുടര്‍നടപടികള്‍ നാവിക സേന സ്വീകരിക്കുക. ഇന്നലെ ലോറി കണ്ടെത്തിയ ഭാഗത്ത് സ്‌കൂബാ ഡൈവര്‍മാര്‍ ഇറങ്ങാന്‍ ശ്രമിച്ചെങ്കിലും കനത്ത മഴയും ശക്തമായ അടിയൊഴുക്കും കലങ്ങി മറിഞ്ഞ് ഒഴുകുന്ന പുഴയും പ്രതികൂലഘടകങ്ങളായി. ഷിരൂരില്‍ ഇന്നലെ രാത്രിയും പ്രദേശത്ത് ഇടവിട്ട് കനത്ത മഴ പെയ്തിരുന്നു.