മുഹറം ഘോഷയാത്രയില്‍ പലസ്തീന്‍ പതാക ഉയര്‍ത്തിയര്‍ക്കെതിരെ കേസ്; കേന്ദ്രത്തിന്റെ യഥാര്‍ഥമുഖം വെളിപ്പെട്ടു; പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണ് സിപിഎം

മുഹറം ഘോഷയാത്രയില്‍ പലസ്തീന്‍ പതാക ഉയര്‍ത്തിയര്‍ക്കെതിരെ കേസ്; കേന്ദ്രത്തിന്റെ യഥാര്‍ഥമുഖം വെളിപ്പെട്ടു; പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണ് സിപിഎം


മുഹറം ഘോഷയാത്രകളില്‍ പലസ്തീന്‍ പതാക വീശിയവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ജമ്മു കശ്മീര്‍, ബിഹാര്‍, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ മുഹറം ഘോഷയാത്രകള്‍ക്കിടയില്‍ പലസ്തീന് ഐക്യദാര്‍ഢ്യമായി പതാകകള്‍ വീശിയവര്‍ക്ക് എതിരെ കേസുകളെടുത്തതായാണ് റിപ്പോര്‍ട്ട്.

ബിജെപി, വിഎച്ച്പി നേതാക്കളുടെ പരാതികളില്‍ യുഎപിഎയിലെയും ഭാരതീയ ന്യായസംഹിതയിലെയും (ബിഎന്‍എസ്) മാരകമായ വകുപ്പുകള്‍ ചുമത്തിയാണ് കേസുകളെടുത്തിട്ടുള്ളത്. ബിജെപിയോ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലുമാണ് കൂടുതലായും ഇത്തരം കേസുകള്‍.

പലസ്തീന്‍ രാഷ്ട്രത്തെ പിന്തുണയ്ക്കുന്നതായി ബിജെപി സര്‍ക്കാര്‍ പലപ്പോഴും അവകാശപ്പെടാറുണ്ടെങ്കിലും ഇതുപോലെയുള്ള നടപടികള്‍ അവരുടെ യഥാര്‍ഥമുഖം വെളിപ്പെടുത്തുന്നു. ഇന്ത്യന്‍ ജനത പലസ്തീന് ഐക്യദാര്‍ഢ്യം അറിയിക്കുന്നത് അവര്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ലെന്നതാണ് വസ്തുത.

പലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ചതിന്റെ പേരിലെടുത്ത കേസുകള്‍ ഉടന്‍ റദ്ദാക്കണം, അറസ്റ്റ് ചെയ്യുകയോ കസ്റ്റഡിയില്‍ എടുക്കുകയോ ചെയ്ത എല്ലാവരേയും മോചിപ്പിക്കണം. കേന്ദ്രസര്‍ക്കാര്‍ നിസംശയം പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണം. അധിനിവേശമേഖലകളില്‍നിന്നും എത്രയുംവേഗം പിന്‍മാറാനും കിഴക്കന്‍ ജെറുസലേം തലസ്ഥാനമാക്കി പലസ്തീന് രാഷ്ട്രപദവി പുനഃസ്ഥാപിക്കാനും ഇസ്രയേലിനോട് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെടണമെന്നും സിപിഎം ആവശ്യപ്പെട്ടു.