സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഓഗസ്റ്റ് 10 മുതൽ ശക്തി പ്രാപിക്കും

സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത; ഓഗസ്റ്റ് 10 മുതൽ ശക്തി പ്രാപിക്കും


സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഓഗസ്റ്റ് 10 മുതൽ മഴ ശക്തി പ്രാപിക്കുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഈ ദിവസം മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചത്. അതേസമയം അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.

പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നറിയിപ്പ്. അതേസമയം തിങ്കളാഴ്ച മൂന്ന് ജില്ലകളിലും (പത്തനംതിട്ട, ഇടുക്കി, പാലക്കാട്) യെല്ലോ അല‍ർട്ടാണ്. ഒറ്റപ്പട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് അറിയിപ്പിൽ വ്യക്തമാക്കുന്നു.

അതേസമയം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി ചിമ്മിണി ഡാം തുറന്നിട്ടുണ്ട്. റിവർ സ്ലൂയിസ്‌ തുറന്ന് ഒരു സെക്കൻഡിൽ 6.36 ഘനമീറ്റർ എന്ന തോതിലാണ് വെള്ളം കുറുമാലി പുഴയിലേയ്ക്ക് ഒഴുക്കിവിടുന്നത്. പുഴയിൽ 10 മുതൽ 12 സെന്റീമീറ്റർ വരെ ജലനിരപ്പ് ഉയരുമെന്നാണ് മുന്നറിയിപ്പ്. കരുവന്നൂർ, കുറുമാലി പുഴകളുടെ തീരങ്ങളിൽ ഉള്ളവർക്ക് ജാഗ്രതാ നിർദ്ദേശമുണ്ട്. ഇന്ന് വൈകിട്ട് 5 വരെയും നാളെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെയുമാണ് ജല ക്രമീകരണം.