പ്രഭവകേന്ദ്രം 1,550 മീറ്റർ ഉയരത്തിൽ, ഇവിടെ മുൻപും ഉരുൾ‌പൊട്ടൽ; അപ്രത്യക്ഷമായത് 86,000 ചതുരശ്രമീറ്റർ ഭൂമി‌; ISROയുടെ ഉപഗ്രഹചിത്രവും ആഘാതഭൂപടവും പുറത്ത്


പ്രഭവകേന്ദ്രം 1,550 മീറ്റർ ഉയരത്തിൽ, ഇവിടെ മുൻപും ഉരുൾ‌പൊട്ടൽ; അപ്രത്യക്ഷമായത് 86,000 ചതുരശ്രമീറ്റർ ഭൂമി‌; ISROയുടെ ഉപഗ്രഹചിത്രവും ആഘാതഭൂപടവും പുറത്ത്


 

മുണ്ടക്കൈ, ചൂരൽമല ​ഗ്രാമങ്ങളെ തുടച്ചുനീക്കിയ ഉരുൾപൊട്ടലിന്റെ ഉപ​ഗ്രഹചിത്രവും ആഘാതഭൂപടവും പുറത്തുവിട്ട് ഐഎസ്ആർഒ. സമുദ്രനിരപ്പിൽ നിന്ന് 1,550 മീറ്റർ ഉയരത്തിലാണ് ഉരുൾ‌പൊട്ടലിന്റെ പ്രഭവകേന്ദ്രമെന്ന് ഇസ്രോയുടെ ഉപ​ഗ്രഹചിത്രത്തിൽ നിന്ന് വ്യക്തമാണ്. അപകടത്തിൽ‌ ഏകദേശം 86,000 ചതുരശ്ര മീറ്റർ ഭൂമിയാണ് അപ്രത്യക്ഷമായത്. ഉരുൾ പൊട്ടി വന്ന അവശിഷ്ടങ്ങൾ എട്ട് കിലോമീറ്ററോളം ദൂരമാണ് സഞ്ചരിച്ചെത്തിയത്. നദിയിലൂടെ ഇതൊഴുകുന്നതിന്റെ ദൃ‌ശ്യവും ഇസ്രോ പുറത്തുവിട്ടിട്ടുണ്ട്.


അപകടത്തിന് മുൻപും ശേഷവുമുള്ള മുണ്ടക്കൈയുടെ പൂർ‌ണചിത്രവും ഇസ്രോ പങ്കുവയ്‌ക്കുന്നു. ദുരന്തത്തിന് മുൻപ് 2023 മേയ് 22-ന് ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻ്റർ (എൻആർഎസ്‌സി) ഐഎസ്ആർഒയുടെ അത്യാധുനിക കാർട്ടോസാറ്റ്-3 പകര്‍ത്തിയ ചിത്രങ്ങളും ഉരുള്‍പൊട്ടലിന് ശേഷം ബുധനാഴ്ച റിസാറ്റും പകര്‍ത്തിയ ചിത്രങ്ങളുമാണ് പുറത്തുവിട്ടത്.

നിലവിലെ പ്രഭവകേന്ദ്രം മുൻപ് ഉരുള്‍പൊട്ടലുണ്ടായ സ്ഥലമാണെന്നും പാറക്കൂട്ടവും മണ്ണും ഒഴുകിയെത്തി ഇരുവഴിഞ്ഞിപ്പുഴയുടെ കരകള്‍ കവര്‍ന്നെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കുന്നു. പുഴയുടെ കരയിലെ വീടുകള്‍ക്കടക്കം കേടുപാടുണ്ടായെന്നും പുറത്തുവിട്ട വിവരത്തിലുണ്ട്. 40 വർഷം മുൻപ് 14 പേരുടെ ജീവനെടുത്ത ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രത്തോട് അടുത്താണ് പുതിയ ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രം.


ഐഎസ്ആർ‌ഒ തയ്യാറാക്കിയ ലാൻഡ്സ്ലൈഡ് അറ്റ്ലസ് ഓഫ് ഇന്ത്യ എന്ന whഡോക്യുമെന്റിൽ പുത്തുമലയിൽ കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ ഉണ്ടായ 80,000 മണ്ണിടിച്ചിലുകളും സൂക്ഷ്മമായി രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിന്റെ സിംഹഭാ​ഗം ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന പ്രദേശമാണെന്നും അടയാളപ്പെടുത്തിയിട്ടുണ്ട്.

സൗത്ത് വയനാട് ഡിവിഷനിലെ പുഞ്ചിരിമട്ടം വെള്ളോലിപ്പാറയിലെ നിത്യഹരിതമഴക്കാടാണ് ഉരുൾപൊട്ടലിന്റെ പ്രഭവ കേന്ദ്രം. വെള്ളരിമലയുടെ ഒരു ചെരിവാണ് ഈ മേഖല. 10 മുതൽ 15 അടി വരെ വ്യാസത്തിലുള്ള ഉരുളൻ പാറകൾ നിറഞ്ഞ ഈ പ്രദേശത്ത് നിലയ്‌ക്കാത്ത മഴ പെയ്തതോടെയാണ് സമ്മർദം താങ്ങാനാവാതെ താഴേക്ക് പൊട്ടിയൊഴുകിയത്.