17 കുടുംബങ്ങളില്‍ ആരും ബാക്കിയില്ല, കണ്ടെത്താനുള്ളത് 119 പേരെ, 179 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു ; ദുരന്ത ബാധിത മേഖലയില്‍ 729 കുടുംബങ്ങളായിരുന്നു ക്യാംപുകളില്‍


17 കുടുംബങ്ങളില്‍ ആരും ബാക്കിയില്ല, കണ്ടെത്താനുള്ളത് 119 പേരെ, 179 മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞു ; ദുരന്ത ബാധിത മേഖലയില്‍ 729 കുടുംബങ്ങളായിരുന്നു ക്യാംപുകളില്‍





തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലില്‍ ദുരിത ബാധിതരായവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസത്തിന്റെ വിവിധ വശങ്ങള്‍ ദുരന്തബാധിത പ്രതികരണരംഗത്തെ വിദഗ്ധരുമായും ദുരന്ത മേഖലയിലെ ജനപ്രതിനിധികളുമായും ചര്‍ച്ച ചെയ്യാന്‍ സംസ്ഥാന ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.


ദുരന്ത ബാധിത മേഖലയില്‍ 729 കുടുംബങ്ങളായിരുന്നു ക്യാംപുകളില്‍ ഉണ്ടായിരുന്നത്. നിലവില്‍ 219 കുടുംബങ്ങള്‍ ക്യാമ്പുകളില്‍ കഴിയുന്നു. മറ്റുള്ളവര്‍ വാടകവീട് കണ്ടെത്തി അങ്ങോട്ടോ കുടുംബവീടുകളിലേക്കോ മാറിയിട്ടുണ്ട്. ഇവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച വാടക നല്‍കും. 75 സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകള്‍ അറ്റകുറ്റപ്പണി നടത്തി താമസയോഗ്യമാക്കി. ഇവയില്‍ 83 കുടുംബങ്ങളെ താമസിപ്പിക്കാം.


സര്‍ക്കാര്‍ കണ്ടെത്തിയ 177 വീടുകള്‍ വാടകയ്ക്ക് നല്‍കാന്‍ ഉടമസ്ഥര്‍ തയാറായിട്ടുണ്ട്. അതില്‍ 123 എണ്ണം മാറിത്താമസിക്കാന്‍ യോഗ്യമാണ്. 105 വാടക വീടുകള്‍ അനുവദിച്ചു. 22 കുടുംബങ്ങള്‍ അങ്ങനെ താമസം തുടങ്ങി. മാറിത്താമസിക്കാന്‍ ബാക്കിയുള്ളവര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. വീടുകള്‍ കണ്ടെത്തി നല്‍കുന്നതില്‍ കാര്യമായ തടസം ഇല്ല.


179 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ തിരിച്ചറിഞ്ഞത്. 17 കുടുംബങ്ങളില്‍ ഒരാളും അവശേഷിക്കുന്നില്ല. ഇൗ കുടുംബത്തില്‍നിന്ന് 65 പേരാണ് മരണമടഞ്ഞത്. 5 പേരുടെ അടുത്ത ബന്ധുക്കളെ കണ്ടെത്താനാവാത്ത സ്ഥിതിയാണ്. അതിനാല്‍ ഡി.എന്‍.എ. പരിശോധനാ ഫലത്തിനായി കാത്തിരിക്കുകയാണ്. 119 പേരെയാണ് കണ്ടെത്താനുണ്ട്. കണ്ടെത്തെത്താന്‍ അവശേഷിക്കുന്നവരുടെ ബന്ധുക്കളില്‍നിന്നു 91 പേരുടെ ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിച്ചു പരിശോധനയ്ക്ക് അയച്ചു.


മരണപ്പെട്ട 59 പേരുടെ ആശ്രിതര്‍ക്ക് എസ്.ഡി.ആര്‍. എഫില്‍നിന്നു 4 ലക്ഷവും സി.എം.ഡി.ആര്‍.എഫില്‍നിന്നു 2 ലക്ഷവും അടക്കം 6 ലക്ഷം രൂപ വീതം വിതരണം ചെയ്തു.691 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം വിതരണം ചെയ്തു. ഇതിനു പുറമെ 172 പേരുടെ മരണാനന്തര ചടങ്ങുകള്‍ക്കായി 10,000 രൂപ വീതം കുടുംബങ്ങള്‍ക്ക് കൈമാറി. വായ്പകള്‍ എഴുതിത്തള്ളണമെന്ന നിര്‍ദേശം സ്‌റ്റേറ്റ് ലവല്‍ ബാങ്കേഴ്‌സ് സമിതി യോഗത്തില്‍ വച്ചു.


വായ്പകള്‍ പൂര്‍ണമായും എഴുതിത്തള്ളുന്ന കാര്യം അതാത് ബാങ്കുകളുടെ ബോര്‍ഡുകളില്‍ അവതരിപ്പിക്കാനാണു തീരുമാനിച്ചിട്ടുള്ളത്. ദുരന്ത മേഖലയിലുള്ളവരില്‍നിന്നു ജൂലൈ 30നുശേഷം പിടിച്ച ഇ.എം.ഐകള്‍ അതത് ബാങ്ക് അക്കൗണ്ടുകളിലേക്ക് തിരിച്ചടക്കണമെന്നു സ്‌റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. കാര്‍ഷികവും കാര്‍ഷികേതര ആവശ്യങ്ങള്‍ക്കുമായി എടുത്ത നിലവിലെ എല്ലാ ലോണുകളും എത്രയും പെട്ടെന്ന് റീസ്ട്രക്ചര്‍ ചെയ്യുമെന്ന് യോഗം തീരുമാനിച്ചു.


പെട്ടെന്നുള്ള ആശ്വാസത്തിനായി സെക്യൂരിറ്റിയില്ലാതെ 25,000 രൂപ വരെയുള്ള കണ്‍സംഷന്‍ ലോണുകള്‍ നല്‍കാനും തീരുമാനമായിട്ടുണ്ട്. 30 മാസമായിരിക്കും ഇൗ ലോണിന്റെ തിരിച്ചടവ് സമയം. ദുരന്തമേഖലയില്‍ ഉള്ള എല്ലാ റിക്കവറി നടപടികളും തല്‍ക്കാലം നിര്‍ത്തിവയ്ക്കാനും യോഗത്തില്‍ തീരുമാനമായി. ദുരിതബാധിതര്‍ക്ക് നല്‍കുന്ന സാമ്പത്തിക സഹായം അവരുടെ നിലനില്‍ക്കുന്ന സാമ്പത്തിക ബാധ്യതകള്‍ക്കുള്ള തിരിച്ചടവാക്കി മാറ്റില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു