യൂട്യൂബില്‍ കമന്റിട്ടാല്‍ പ്രതിഫലം; ഓണ്‍ലൈന്‍ തട്ടിപ്പില്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായത് 1,90000 രൂപ; വീണ്ടെടുത്ത് നല്‍കി സൈബര്‍ പോലിസ്

യൂട്യൂബില്‍ കമന്റിട്ടാല്‍ പ്രതിഫലം; ഓണ്‍ലൈന്‍ തട്ടിപ്പില്‍ വിദ്യാര്‍ത്ഥിനിക്ക് നഷ്ടമായത് 1,90000 രൂപ; വീണ്ടെടുത്ത് നല്‍കി സൈബര്‍ പോലിസ്





കോട്ടയം: ഓണ്‍ലൈന്‍ തട്ടിപ്പില്‍ രണ്ട് ലക്ഷത്തോളം രൂപ നഷ്ടമായ വിദ്യാര്‍ഥിനിയുടെ പണം കണ്ടെത്തി നല്‍കി ജില്ലാ സൈബര്‍ പൊലീസ്. യൂട്യൂബില്‍ കമന്റിട്ടാല്‍ വന്‍ തുക പ്രതിഫലം ലഭിക്കുമെന്ന് വിശ്വസിച്ച് പണം നിക്ഷേപിച്ച എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിനിക്കാണ് പണം നഷ്ടമായത്. 2023 ഓഗസ്റ്റ് നാലിനു 1.90 ലക്ഷം രൂപയാണ് നഷ്ടമായത്. തട്ടിപ്പാണെന്ന് തോന്നിയതിനാല്‍ ഉടന്‍ തന്നെ സൈബര്‍ പോലിസില്‍ പരാതി നല്‍കിയതാണ് പണം തിരികെ ലഭിക്കാന്‍ സഹായകമായത്.

2023 ഓഗസ്റ്റ് നാലിനാണ് തട്ടിപ്പ് നടന്നത്. യുട്യൂബിലും സമൂഹ മാധ്യമത്തിലും പോസിറ്റീവ് കമന്റുകള്‍ നല്‍കിയാല്‍ ആകര്‍ഷകമായ പ്രതിഫലം നല്‍കുമെന്ന് വിദ്യാര്‍ഥിനിക്ക് ഫോണില്‍ സന്ദേശമെത്തി. ഇതിനായി 2000 രൂപ നിക്ഷേപിക്കാന്‍ തട്ടിപ്പ് സംഘം ആദ്യം വിദ്യാര്‍ഥിനിയോട് ആവശ്യപ്പെട്ടു. നിര്‍ദേശം അനുസരിച്ച് 2000 രൂപ നല്‍കി. തട്ടിപ്പ് സംഘം നല്‍കിയ യുട്യൂബ് ലിങ്കുകളില്‍ കമന്റുകളിട്ടതോടെ നാലായിരം രൂപ മടക്കി നല്‍കി. തുടര്‍ന്ന് 8000 രൂപ വരെ ഇത്തരത്തില്‍ ലഭിച്ചു.ഇതോടെ പെണ്‍കുട്ടിയില്‍ കൂടുതല്‍ വിശ്വാസം തോന്നി.

പിന്നാലെ തന്നെ 1,90000 രൂപ നല്‍കിയാല്‍ 2.7 ലക്ഷം മടക്കി നല്‍കാമെന്നും തട്ടിപ്പ് സംഘം വിദ്യാര്‍ഥിനിയെ അറിയിച്ചു. 1.9 ലക്ഷം പെണ്‍കുട്ടി തട്ടിപ്പ് സംഘം നല്‍കിയ അക്കൗണ്ടുകളിലേക്കായി അയച്ചു. പണമയച്ച ശേഷമാണ് സംഭവം തട്ടിപ്പാകാമെന്ന തോന്നല്‍ ഉണ്ടായത്. ഇതോടെ കോട്ടയം സൈബര്‍ പൊലീസിലും 1930 ടോള്‍ഫ്രീ നമ്പരിലും പരാതിപ്പെട്ടു. സൈബര്‍ പൊലീസ് കേസെടുത്ത് പണം കൈമാറിയ അക്കൗണ്ടുകളിലെ ഇടപാട് അടിയന്തരമായി മരവിപ്പിച്ചു.

ഗുജറാത്ത് സ്വദേശി ഛോട്ടോ വിശ്വാസ് എന്നയാളുടെ സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് 20,000 രൂപയും, വഹോര എന്നയാളുടെ അക്കൗണ്ടിലേക്ക് 75000 രൂപയും ആന്ധ്രപ്രദേശ് സ്വദേശിനി ജങ്കാ രമ്യയുടെ പേരിലുള്ള സ്വകാര്യ ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ 45,000 രൂപയുടെ ഇടപാടുകളാണ് സൈബര്‍ പൊലീസ് മരവിപ്പിച്ചത്. 50000 രൂപ തട്ടിപ്പ് സംഘം പിന്‍വലിച്ചു. എന്നാലും 1.40 ലക്ഷം മടക്കി കിട്ടുന്നതിന്റെ ആശ്വാസത്തിലാണ് വിദ്യാര്‍ഥിനി.

സൈബര്‍ പൊലീസ് സിഐ വി.ആര്‍.ജഗദീഷ്, എസ്‌ഐ വി.എന്‍.സുരേഷ്‌കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്. പണം മടക്കി ലഭിക്കാനായി വിദ്യാര്‍ഥിനി അഭിഭാഷകന്‍ വിവേക് മാത്യു വര്‍ക്കി മുഖേന കോട്ടയം സിജെഎം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. വിദ്യാര്‍ഥിനിയുടെ നഷ്ടപ്പെട്ട തുക ഇടപാട് മരവിപ്പിച്ചിരിക്കുന്ന ബാങ്കുകള്‍ തിരികെ കൈമാറണമെന്നു സിജെഎം കോടതി ഉത്തരവിട്ടു.

നിങ്ങള്‍ സൈബര്‍ തട്ടിപ്പിന് ഇരയായാല്‍ ആദ്യ നിമിഷങ്ങളില്‍ 1930 നമ്പരിലേക്ക് വിളിച്ചറിയിക്കാം. തട്ടിപ്പ് സംഘം പണം പിന്‍വലിക്കുന്നതിന് മുന്‍പ് സൈബര്‍ പൊലീസിനു ഇടപാട് മരവിപ്പിക്കാന്‍ കഴിയും. തട്ടിപ്പുകളുടെ പിന്നില്‍ ഉത്തരേന്ത്യന്‍ ലോബികളെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സാധാരണക്കാരുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നാണ് തട്ടിപ്പ് സംഘം പണം കവരുന്നത്. അക്കൗണ്ടുകള്‍ വാടകയ്ക്ക് എടുത്തും തട്ടിപ്പുകള്‍ നടക്കുന്നുണ്ട്.