കഴിഞ്ഞ 23 വര്‍ഷമായി മാധ്യമങ്ങള്‍ എന്നെ വേട്ടയാടുന്നു, ഇങ്ങനെ ഉപദ്രവിക്കരുത്': മന്ത്രി ഗണേഷ് കുമാര്‍

'കഴിഞ്ഞ 23 വര്‍ഷമായി മാധ്യമങ്ങള്‍ എന്നെ വേട്ടയാടുന്നു, ഇങ്ങനെ ഉപദ്രവിക്കരുത്': മന്ത്രി ഗണേഷ് കുമാര്‍


തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് നിലവില്‍ ഒരു വിഷയത്തിലും തനിക്ക് പ്രതികരിക്കാനില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍. വിഷയത്തില്‍ പ്രതികരിക്കേണ്ടത് സാംസ്‌കാരിക വകുപ്പ് മന്ത്രിയാണ്. അത് അവര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ ഗതാഗത വകുപ്പ് മന്ത്രിയാണെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു. മാധ്യമങ്ങള്‍ തന്നെ ഉപദ്രവിക്കുകയാണ്. ഇങ്ങനെ വെട്ടയാടരുത്. കഴിഞ്ഞ 23 വര്‍ഷമായി മാധ്യമങ്ങള്‍ തന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു. തന്നില്‍ ഔഷധഗുണങ്ങള്‍ ഒന്നുമില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേകസംഘംത്തെ സര്‍ക്കാര്‍ നിയോഗിച്ചു. മുഖ്യമന്ത്രി ഡിജിപിയുമായി ചര്‍ച്ച നടത്തി. ആരോപണം ഉന്നയിച്ചവരില്‍ നിന്നും പ്രത്യേക സംഘം മൊഴിയെടുക്കും. നിയമോപദേശം തേടിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണ് ഉപദേശം നല്‍കിയത്. ആരോപണം ഉന്നയിച്ചവര്‍ പരാതിയില്‍ ഉറച്ചുനിന്നാല്‍ കേസെടുക്കും.

ക്രൈം ബ്രാഞ്ച് എഡിജിപി ശ്രീ. എച്ച് വെങ്കിടേഷായിരിക്കും പരാതികളും വെളിപ്പെടുത്തലുകളും സംബന്ധിച്ച് അന്വേഷണം നടത്തുന്ന സംഘത്തിന്റെ മേല്‍നോട്ടം വഹിക്കുന്നത്. പോലീസ് ഐജി ശ്രീ. സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘം രൂപീകരിക്കാനാണ് തീരുമാനം.