തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിലെ മോശം അനുഭവം തുറന്ന് പറഞ്ഞ് നടി ചാർമിള. മലയാള സിനിമയിൽ നേരിട്ടത് അങ്ങേയേറ്റം മോശം പെരുമാറ്റമാണെന്നും 28 പേർ മോശമായി പെരുമാറിയെന്നും ചാർമിള പറഞ്ഞു. മലയാള സിനിമയിൽ നിന്ന് നിരവധി പേരാണ് വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നത്.
ഒരു നിർമാതാവ് സുഹൃത്തുക്കൾക്ക് ഒപ്പം ബലാത്സംഗം ചെയ്യാൻ ശ്രമിച്ചു. 'അർജുനൻ പിള്ളയും അഞ്ച് മക്കളും' സിനിമയുടെ നിർമാതാവിനെതിരെയും ചാർമിള ആരോപണമുന്നയിച്ചു. താൻ വഴങ്ങുമോ എന്ന് സംവിധായകൻ ഹരിഹരനും ചോദിച്ചു. നടൻ വിഷ്ണുവിനോടാണ് ഇക്കാര്യം ചോദിച്ചതെന്ന് ചാർമിള പറഞ്ഞു. തയ്യാറല്ലെന്ന് പറഞ്ഞതോടെ 'പരിണയം' സിനിമയിൽ നിന്ന് ഒഴിവാക്കി. വിഷ്ണുവിനെയും സിനിമയിൽ നിന്ന് ഒഴിവാക്കി. മോശമായി പെരുമാറിയവരിൽ സംവിധായകരും നിർമാതാക്കളും നടന്മാരുമുണ്ടെന്നും ചാർമിള പറഞ്ഞു.
അതേസമയം, മലയാള സിനിമാ ലൊക്കേഷനിലെ കാരവാനിൽ രഹസ്യമായി ക്യാമറ വച്ച്, നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നും സെറ്റില്‍ പുരുഷന്‍മാര്‍ ഒന്നിച്ചിരുന്ന് ഈ ദൃശ്യങ്ങള്‍ കണ്ട് ചിരിക്കുന്നുവെന്നുമുള്ള നടി രാധികാ ശരത് കുമാറിൻ്റെ വെളിപ്പെടുത്തലിൽ നടിയിൽ നിന്ന് പൊലീസ് വിവരങ്ങള്‍ ശേഖരിക്കാനുള്ള നീക്കം തുടങ്ങി. രാധികയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യതയുമാണ് പൊലീസ് പരിശോധിക്കുന്നത്.
അതിനിടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുയർന്നതോടെ കാരവാൻ ഉടമകളുടെ യോഗം വിളിച്ച് പ്രോഡ്യൂസേഴ്സ് അസോസിയേഷനും രംഗത്തെത്തി. വെള്ളിയാഴ്ച രാവിലെ 11 ന് കൊച്ചിയിൽ കാരവൻ ഉടമകളുടെ യോഗം ചേരാനാണ് ഫെഫ്കയുടെ തീരുമാനം. രാധികയുടെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തിലാണ് അടുത്ത വെളളിയാഴ്ച കാരവാൻ ഉടമകളുടെ യോഗം ചേരുന്നതെന്ന് നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി.
വിശദവിവരങ്ങൾ ഇങ്ങനെ
മലയാള സിനിമാ ലൊക്കേഷനുകളിലെ കാരവാനുകൾക്കുളളിൽ നടിമാരുടെ നഗ്ന ദൃശ്യങ്ങൾ പകർത്തുന്നുവെന്ന രാധികാ ശരത് കുമാര്‍ വെളിപ്പെടുത്തലാണ് പൊലീസ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ ടീം പരിശോധിക്കുന്നത്. വെളിപ്പെടുത്തലിൽ കേസെടുക്കാനുളള സാധ്യതയാണ് അന്വേഷിക്കുന്നത്. രാധികയിൽ നിന്ന് ഫോൺ വഴി പ്രാഥമിക വിവരങ്ങൾ ശേഖരിക്കും. മൊഴി നൽകാൻ തയാറാണെങ്കിൽ ഔദ്യോഗികമായി രേഖപ്പെടുത്തും. ഇതിനെ അടിസ്ഥാനമാക്കി കേസെടുത്ത് മുന്നോട്ടുപോകാനുളള സാധ്യതയാണ് പരിശോധിക്കുന്നത്.