മരണം 299 ആയി, 240 പേര്‍ ഇപ്പോഴും കാണാമറയത്ത് ; 1700 പേര്‍ ക്യാമ്പുകളില്‍, ആറു സോണുകളാക്കി ഇന്ന് തെരച്ചില്‍


മരണം 299 ആയി, 240 പേര്‍ ഇപ്പോഴും കാണാമറയത്ത് ; 1700 പേര്‍ ക്യാമ്പുകളില്‍, ആറു സോണുകളാക്കി ഇന്ന് തെരച്ചില്‍


കല്‍പ്പറ്റ: ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ ദുരന്തത്തില്‍ ഇന്ന് വിപുലമായ പരിശോധനകള്‍ നടക്കും. ഇതുവരെ മരണമടഞ്ഞവരുടെ എണ്ണം 299 ആയിരിക്കുകയാണ്. ഇനിയും 200 ലധികം പേര്‍ കാണാമറയത്താണ്. ആറു സോണുകളായി തിരിഞ്ഞാണ് ഇന്ന് തെരച്ചില്‍ നടക്കുക. സൈന്യം, നാവികസേന, എന്‍ഡിആര്‍എഫ്, കോസ്റ്റഗാര്‍ഡ്, ഡിഎസ്ജി, പോലീസ്, ഫയര്‍ഫോഴ്‌സ്, സന്നദ്ധസംഘങ്ങള്‍ എന്നിവരെല്ലാം തെരച്ചിലിനുണ്ട്.

അട്ടമല ആറന്മല, മുണ്ടക്കൈ, ചൂരല്‍മല, വെള്ളാര്‍മല വില്ലേജ് റോഡ്, വെള്ളാര്‍മല ജിവിഎച്ചഎസ്സ്, പുഴയടിവാരം എന്നിങ്ങനെ ആറു സോണുകളാക്കി തിരിഞ്ഞാണ് തെരച്ചില്‍. ഓരോ സോണിലും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരുമുണ്ട്. തെരച്ചിലിനായി പോലീസിന്റെ കെഡാവര്‍ ഡോഗുകളെയും കൊണ്ടുവന്നിട്ടുണ്ട്. ഇതുവരെ 105 മൃതദേഹങ്ങള്‍ പോസ്റ്റുമാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അവകാശികള്‍ ഇല്ലാത്ത മൃതദേഹങ്ങള്‍ സര്‍ക്കാര്‍ തന്നെ സംസ്‌ക്കരിക്കും. പ്രോട്ടോകോള്‍ അനുസരിച്ചാകും സംസ്‌ക്കാര കര്‍മ്മങ്ങള്‍ നടക്കുക.

ഇന്ന് ഐബാഡ് പരിശോധനയും നടക്കും. ഔദ്യോഗിക കണക്ക് അനുസരിച്ച 29 കുട്ടികള്‍ ഉള്‍പ്പെടെ 206 പേരെ ഇനിയും കിട്ടാനുണ്ട്. ഇന്നലെ നടത്തിയ തിരച്ചിലില്‍ 40 മൃതദേഹങ്ങള്‍ കണ്ടെത്തി. ജില്ലയില്‍ ഉടനീളമുള്ള 91 ക്യാമ്പുകളിലായി 9000 പേരാണ് കഴിയുന്നത്. മേപ്പാടിയിലെ ഒമ്പത് ക്യാമ്പുകളില്‍ 2000 പേര്‍ കഴിയുന്നുണ്ട്. 96 പേര്‍ വിവിധ ആശുപത്രിയില്‍ ചികിത്സയിലാണ്. ദുരന്തബാധിതര്‍ക്ക് കൗണ്‍സിലിംഗ് നല്‍കും. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കായി അനേകം സംഘടനകളും രംഗത്തുണ്ട്. ഇന്ന് രാവിലെയും ഒരാളുടെ മൃതദേഹം കിട്ടിയിരുന്നു.