അങ്കമാലിയിൽ അറ്റകുറ്റപ്പണി; 2 ട്രെയിൻ പൂർണമായും 
നാലെണ്ണം ഭാഗികമായും റദ്ദാക്കി


 

അങ്കമാലിയിൽ അറ്റകുറ്റപ്പണി; 2 ട്രെയിൻ പൂർണമായും 
നാലെണ്ണം ഭാഗികമായും റദ്ദാക്കി


കൊച്ചി > ഞായർ സർവീസ് നടത്തേണ്ട രണ്ടു ട്രെയിനുകൾ പൂർണമായും നാലെണ്ണം ഭാഗികമായും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. അങ്കമാലി റെയിൽവേ യാർഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണിത്. ചില ട്രെയിനുകൾ പുറപ്പെടുന്ന സ്ഥലങ്ങളിൽ മാറ്റമുണ്ട്.

ഞായർ രാവിലെ 7.20നുള്ള പാലക്കാട്–- എറണാകുളം മെമു, പകൽ 2.45നുള്ള എറണാകുളം–- പാലക്കാട് മെമു എന്നിവയാണ് പൂർണമായി റദ്ദാക്കിയത്. ശനി തിരുനെൽവേലിയിൽനിന്ന് പുറപ്പെട്ട തൂത്തുക്കുടി-– -പാലക്കാട് പാലരുവി എക്സ്പ്രസ് ആലുവയ്ക്കും പാലക്കാടിനുമിടയിൽ ഭാഗികമായി റദ്ദാക്കി. ഞായർ രാവിലെ 5.55നുള്ള തിരുവനന്തപുരം സെൻട്രൽ– കോഴിക്കോട് ജനശതാബ്ദി എക്സ്പ്രസ് എറണാകുളത്തിനും കോഴിക്കോടിനും ഇടയിലും റദ്ദാക്കി. തിരുവനന്തപുരം സെൻട്രലിൽനിന്ന് രാവിലെ 5.25ന് പുറപ്പെടുന്ന വേണാട് എക്സ്പ്രസ് എറണാകുളം ടൗണിനും ഷൊർണൂരിനുമിടയിൽ യാത്ര അവസാനിപ്പിക്കും. രാവിലെ 5.10നുള്ള കണ്ണൂർ–-- ആലപ്പുഴ എക്സ്പ്രസ് ഷൊർണൂരിനും ആലപ്പുഴയ്ക്കുമിടയിലും ഭാഗികമായി റദ്ദാക്കി.

തിങ്കൾ വൈകിട്ട് 4.05നുള്ള പാലക്കാട്–- തൂത്തുക്കുടി പാലരുവി എക്സ്പ്രസ് വൈകിട്ട് 4.05ന് ആലുവയിൽനിന്ന് പുറപ്പെടും. പകൽ 1.05ന് കോഴിക്കോട്ടുനിന്ന് പുറപ്പെടേണ്ട -തിരുവനന്തപുരം സെൻട്രൽ ജനശതാബ്ദി എക്സ്പ്രസ് വൈകിട്ട് 5.25ന് എറണാകുളത്തുനിന്നായിരിക്കും പുറപ്പെടുക. ഷൊർണൂരിൽനിന്ന് തിങ്കൾ പകൽ 3.50നുള്ള - തിരുവനന്തപുരം സെൻട്രൽ വേണാട് എക്സ്പ്രസ് വൈകിട്ട് 5.20ന് എറണാകുളത്തുനിന്ന് പുറപ്പെടും. പകൽ 3.50ന് പുറപ്പെടേണ്ട ആലപ്പുഴ–- കണ്ണൂർ എക്സ്പ്രസ് രാത്രി 7.50ന് ഷൊർണൂരിൽനിന്നായിരിക്കും തിരിക്കുക.