വിളക്കോട് - അയ്യപ്പൻകാവ് (3 കോടി രൂപ) എടത്തൊട്ടി - പെരുമ്പുന്ന (3.87 കോടി), എന്നീ റോഡുകളുടെ കരാർ റദ്ദു ചെയ്‌തു

എടൂർ വെമ്പുഴ പാലം സമാന്തര റോഡ് ഒരാഴ്ചക്കകം നിർമ്മിക്കും 





ഇരിട്ടി: എടൂർ  വെമ്പുഴയിൽ നിർമ്മിക്കുന്ന  പുതിയ പാലവുമായി ബന്ധപ്പെട്ട  നിർമാണത്തിൻ്റെ ഭാഗമായുള്ള സമാന്തര പാത ഏഴു ദിവസത്തിനുള്ളിൽ    പുനർനിർമിക്കുമെന്ന് കെആർഎഫ്ബി അധികൃതർ. എം എൽ എ സണ്ണി ജോസഫ്  വിളിച്ച പേരാവൂർ നിയോജക മണ്ഡലം തല മരാമത്ത് - കെഎസ്‌ടിപി - കെആർഎഫ്ബി അവലോകന യോഗത്തിലാണ്  ബന്ധപ്പെട്ട വകുപ്പ് പ്രതിനിധി ഇക്കാര്യം അറിയിച്ചത്.   വള്ളിത്തോട് - മണത്തണ മലയോര ഹൈവേയിൽ റോഡിന്റെ  നിലവാരം മെച്ചപ്പെടുത്തൽ പ്രവൃത്തികളുടെ ഭാഗമായാണ്  എടൂർ വെമ്പുഴയിലും പാലപ്പുഴ ചേംതോടും പാലങ്ങൾ പുനർനിർമിക്കുന്നത്‌. പാലം നിർമ്മാണത്തിന്റെ ഭാഗമായി നിർമിച്ച  സമാന്തര പാതകൾ ആഴ്ചകളായി മേഖലയിൽ ഉണ്ടായ  കനത്ത മഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒളിച്ചു പോയിരുന്നു. 
ഇതിൽ ചെംതോട് സമാന്തരപാത  താൽക്കാലികമായി പുനർനിർമിച്ചെങ്കിലും പൂർണമായും ഒഴുകി പോയ വെമ്പുഴയിൽ സമാന്തര പാത പുനർനിർമിക്കാൻ കഴിഞ്ഞരുന്നില്ല. ഇതോടെ 3 മാസത്തോളമായി എടൂർ - കരിക്കോട്ടക്കരി റൂട്ടിൽ ഗതാഗതം പൂർണമായും നിലച്ച നിലയിലാണ്. സെപ്റ്റംബർ 15 നകം പാലത്തിൻ്റെ അപ്രോച്ച് സ്ലാബിന്റെ  വാർപ്പ് നടത്തും. ഒക്ടോബർ 15 നകം ജൽജീവൻ മിഷൻ പൈപ്പിടൽ പ്രവൃത്തികൾ പൂർത്തിയാക്കുമെന്നാണു അറിയിച്ചിട്ടുള്ളതെന്നും ഇതിനു ശേഷം മാത്രമേ വള്ളിത്തോട് - മണത്തണ റീച്ച് റോഡ് നവീകരണം പുനരാരംഭിക്കുകയുള്ളുവെന്നും അധികൃതർ പറഞ്ഞു. 
 ഇരിട്ടി - പേരാവൂർ - നെടുംപൊയിൽ റോഡ് 2 ആഴ്‌ചകൾക്കകം കരാറുകാരന്  കൈമാറും. റോഡിന്റെ  5 കോടി രൂപയുടെ പ്രവൃത്തി കെ.കെ. ബിൽഡേഴ്‌സ് ആണ്  ടെൻഡർ എടുത്തിരിക്കുന്നത്. താലൂക്ക് ആസ്ഥാനത്തേക്കു എത്തുന്ന മാടത്തിൽ - കീഴ്പ്പള്ളി - ആറളം ഫാം - പാലപ്പുഴ റോഡിൻ്റെ പുനർനിർമാണം സിആർഎഫ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്താൻ ശ്രമം നടത്തും.  10 വർഷത്തി ലധികമായി നവീകരണം നടത്താത്ത ഈ റോഡിൻ്റെ പ്രാധാന്യം കണക്കിലെടുത്ത് വീതി കൂട്ടി നവീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. ജൽ ജീവൻ മിഷൻ പദ്ധതി പ്രവൃത്തികൾ പൂർത്തിയാക്കാത്തതിനാൽ വിളക്കോട് - അയ്യപ്പൻകാവ് (3 കോടി രൂപ)  എടത്തൊട്ടി - പെരുമ്പുന്ന (3.87 കോടി), എന്നീ റോഡുകളുടെ കരാർ റദ്ദു ചെയ്‌തു. റീടെൻഡർ ഉടൻ നടത്തും. ജൽ ജീവൻ മിഷൻ അധികൃതരുടെ മെല്ലെപ്പോക്ക് മൂലം പ്രവൃത്തി നടത്താനാവാതെ കരാറുകാർ ഒഴിവാകുകയായിരുന്നു. തെറ്റുവഴി - മണത്തണ റോഡിൽ തൊണ്ടി മുതൽ മണത്തണ വരെ 2-ാം റീച്ച് നവീകരണത്തിന്  സാങ്കേതികാനുമതി ഉടൻ ലഭിക്കും. വാണിയപ്പാറ - രണ്ടാംകടവ് റോഡ് ടെൻഡർ 5 ന് നടക്കും.
മട്ടന്നൂർ - കൂട്ടുപുഴ റോഡിൻ്റെ അറ്റകുറ്റപ്പണിക്ക് തുക അനുവദിച്ചു. ഇരിട്ടി - തളിപ്പറമ്പ് റോഡിൽ തന്തോടുള്ള കുഴികൾ ഉടൻ അടയ്ക്കണമെന്ന്  എംഎൽഎ നിർദേശിച്ചു. ആറളം ഫാം ആനമതിൽ നിർമാണം പുനരാരംഭിച്ചു. ഇരിട്ടി സെക്ഷനിൽ 4.31 കോടി രൂപയുടെ 4 പ്രവൃത്തികളിലായി 27 റോഡുകളുടെ പാച്ച്‌വർക്ക് പ്രവൃത്തികൾ പൂർത്തിയായതായും പുതുതായി 6 റോഡുകൾക്കു നിർദേശം സമർപ്പിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു. എംഎൽഎ അധ്യക്ഷത വഹിച്ചു. എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി തയ്യിൽ (മരാമത്ത് കെട്ടിട നിർമാണ വിഭാഗം), അസിസ്‌റ്റൻ്റ് എക്സിക്യൂട്ടീവ് എൻജിനീയർ ഷീല ചോറൻ (റോഡ്‌സ്), അസിസ്‌റ്റൻ്റ് എൻജിനീയർമാരായ ടി.വി. രേഷ്‌മ (റോഡ്‌സ്), ടി.കെ. റോജി (കെആർഎഫ്ബി), സി. ബിനോയി (പാലം), കെ. രേഷ്‌മ (കെഎസ്‌ടിപി), ഐ.കെ. മിഥുൻ (അറ്റകുറ്റപ്പണി വിഭാഗം), എംഎൽഎ പി എ മുഹമ്മദ് ജസീർ എന്നിവർ പങ്കെടുത്തു.