ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ 46കാരന്‍റെ വയറ്റിൽ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഗർഭാശയവും അണ്ഡാശയവും


ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ 46കാരന്‍റെ വയറ്റിൽ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഗർഭാശയവും അണ്ഡാശയവും


ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ രണ്ട് കുട്ടികളുടെ അച്ഛന്‍റെ വയറ്റിൽ നിന്നും ഡോക്ടര്‍മാര്‍ പുറത്തെടുത്തത് ഗർഭാശയവും അണ്ഡാശയവും. ഉത്തർപ്രദേശിലെ ഗോരഖ്പൂരിലാണ് രാജ്ഗിർ മിസ്ത്രി എന്ന 46കാരന്‍റെ ശരീരത്തിൽ നിന്നും പൂർണ വളർച്ച എത്താത്ത ഗർഭപാത്രവും അണ്ഡാശയവും ഡോക്ടര്‍മാര്‍ കണ്ടെത്തിയത്.

കുറച്ചു നാളുകളായി 46 കാരൻ വയറുവേദനയാൽ ബുദ്ധിമുട്ടുകയായിരുന്നു. ഇതേ തുടർന്നാണ് ഇയാൾ ചികിത്സ തേടിയത്. തുടർന്ന് ഇയാള്‍ അൾട്രാസൗണ്ട് ചെയ്യാൻ തീരുമാനിച്ചു. സ്കാനിങ്ങിൽ വയറ്റിൽ മുഴ പോലെ മാംസകഷ്ണം കണ്ടെത്തുകയും വിദഗ്ധ പരിശോധനയ്ക്ക് വിധേയനാക്കുകയുമായിരുന്നു. തുടർന്ന് ബിആർഡി മെഡിക്കൽ കോളേജിലെ സർജൻ പ്രൊഫസർ ഡോ. നരേന്ദ്ര ദേവിന്റെ നേതൃത്വത്തിൽ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.

ഇതിനിടയിലാണ് ഞെട്ടിച്ച്കൊണ്ട് പൂർണ വളർച്ച എത്താത്ത ഗർഭപാത്രവും അണ്ഡാശയവും ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. അതേസമയം മിസ്ത്രിക്ക് സ്ത്രൈണ സ്വഭാവമില്ലെന്നും ഇത് മിസ്ത്രിയുടെ ശരീരത്തിലെ ജന്മവൈകല്യമാണെന്നും സ്ത്രീകളുടേതിന് സമാനമായ യാതൊരുവിധ സവിശേഷതകളും അദ്ദേഹം കാണിച്ചില്ലെന്നും ഡോക്ടർ പറയുന്നു. ഇതൊരു ജനിതക വൈകല്യമാകാം എന്ന നിഗമനത്തിലാണ് ഡോക്ടര്‍മാര്‍ ഇപ്പോള്‍. ശസ്ത്രക്രിയയ്ക്കു വിധേയനായ മിസ്തിരി സുഖം പ്രാപിച്ചു വരികയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.