എല്ലാം ചെയ്തത് ഒന്നിച്ച്, ശേഷം ഒളിവിൽ പോയി; 5 മാസത്തിന് ശേഷം വലയിലാക്കി പൊലീസ്

 എല്ലാം ചെയ്തത് ഒന്നിച്ച്, ശേഷം ഒളിവിൽ പോയി; 5 മാസത്തിന് ശേഷം വലയിലാക്കി പൊലീസ് 


കോഴിക്കോട്: യുവാക്കളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ മാസങ്ങളായി ഒളിവിലായിരുന്ന മൂന്ന് പ്രതികളെ പൊലീസ് പിടികൂടി. തെക്കേടത്ത്കടവ് ഇപ്പിച്ചി റഫീഖ് എന്ന കുന്നത്ത് റഫീഖ്(35), പുറവൂര്‍ എടവലത്ത് ഷറീജ് (36), പേരാമ്പ്ര ചെനോളി ഏച്ചിക്കണ്ടി ഇസ്മയില്‍ (42) എന്നിവരെയാണ് പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച് ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

എസ് ടി യു സംസ്ഥാന ഭാരവാഹിയായ എം കെ സി കുട്ട്യാലിയുടെ മകന്‍ മെഹനാസ്, മുഹമ്മദ് അസ്ലം എന്നിവരെ ഗള്‍ഫിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോവുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് കേസ്. അക്രമത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേരെ പൊലീസ് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ റഫീഖും, ഷറീജും, ഇസ്മയിലും അഞ്ച് മാസത്തോളം സംസ്ഥാനത്തിനകത്തും പുറത്തുമായി ഒളിവില്‍ കഴിയുകയായിരുന്നു.

റഫീഖ്, ഷറീജ് എന്നിവര്‍ പോക്‌സോ കേസില്‍ ഉള്‍പ്പെട്ടവരാണെന്ന് പൊലീസ് പറഞ്ഞു. ഷറീജ് ഈ കേസിലും ഒളിവിലായിരുന്നു. പേരാമ്പ്ര ഇന്‍സ്‌പെക്ടര്‍ പി ജംഷീദിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സി എം സുനില്‍ കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍മാരായ വി സി ശ്രീജിത്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.