ഒഡീഷയില്‍ നിന്നും ചൂരല്‍മലയിലെ റിസോര്‍ട്ടില്‍ എത്തി; ഉരുള്‍പ്പൊട്ടലില്‍ ദേഹമാസകലം മുറിവ്: ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നവരും കാണാമറയത്ത്: നോവായി യുവതി

ഒഡീഷയില്‍ നിന്നും ചൂരല്‍മലയിലെ റിസോര്‍ട്ടില്‍ എത്തി; ഉരുള്‍പ്പൊട്ടലില്‍ ദേഹമാസകലം മുറിവ്: ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നവരും കാണാമറയത്ത്: നോവായി യുവതി







മേപ്പാടി: ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം അവധി ആഘോഷിക്കാനാണ് ഒഡീഷ സ്വദേശിനിയായ പ്രിയദര്‍ശിനി വയനാട്ടിലെത്തിയത്. വയനാടിന്റെ പ്രകൃതി ഭംഗി നല്‍കിയ സന്തോഷത്തിലായിരുന്നു നാലംഗ സംഘം ഉറങ്ങാന്‍ കിടന്നത്. എന്നാല്‍ ഉരുള്‍ പൊട്ടലില്‍ റിസോര്‍ട്ട് അപ്പാടെ തുടച്ചു നീക്കപ്പെട്ടപ്പോള്‍ പ്രിയദര്‍ശനി മാത്രം ഒറ്റയ്ക്കായി. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും സുഹൃത്തും ഭാര്യയും എവിടെ എന്ന് അറിവില്ല. ആരോടെങ്കിലും ചോദിക്കാമെന്ന് വെച്ചാല്‍ ഇവര്‍ക്ക് ഭാഷയും വശമില്ല.

ദേഹമാസകലം പരിക്കുകളോടെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ പ്രവേശിക്കപ്പെട്ട പ്രിയദര്‍ശിനിക്ക് ആശുപത്രിയില്‍ കൂട്ടിരിക്കുകയാണ് മേപ്പാടിയിലെ സാനിയ. ഇതേ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച ഉമ്മയ്ക്കു കൂട്ടുവന്നതായിരുന്നു ബികോം വിദ്യാര്‍ഥിയായ സാനിയ. അപ്പോഴാണ് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍പെട്ട യുവതിയെക്കണ്ടത്. ദേഹമാസകലം മുറിവുമായി, കൂട്ടിനാരുമില്ലാതെ കട്ടിലില്‍ തളര്‍ന്നുകിടക്കുകയായിരുന്നു യുവതി. കാര്യങ്ങള്‍ തിരക്കിയപ്പോള്‍ ഒഡീഷ സ്വദേശിനിയാണെന്നു മനസ്സിലായി. ഭാഷയറിയാത്തതിനാല്‍ ആരോടും സംസാരിക്കാനില്ലെങ്കിലും വിങ്ങിപ്പൊട്ടുന്ന മനസ്സുമായാണ് പ്രിയദര്‍ശിനി ആശുപത്രി കിടക്കയില്‍ കിടന്നത്.

പത്താം ക്ലാസ് വരെ മൈസൂരുവില്‍ പഠിച്ച സാനിയയ്ക്ക് ഹിന്ദി അറിയാം. പേരും വിവരങ്ങളുമെല്ലാം ചോദിച്ചപ്പോള്‍ യുവതി സാനിയയോടു സംസാരിച്ചുതുടങ്ങി. പേര് പ്രിയദര്‍ശിനി പോള്‍. ഒഡീഷയില്‍ നഴ്‌സാണ്. ഭര്‍ത്താവ് ഡോ. ബിഷ്ണുപ്രസാദ് ചിന്നാരയ്ക്കും സുഹൃത്ത് ഡോ. സ്വാധിന്‍ പാണ്ടയ്ക്കും സ്വാധിനിന്റെ ഭാര്യ ഡോ. സ്വികൃതി മൊഹാപത്രയ്ക്കുമൊപ്പമാണ് വയനാട്ടിലെത്തിയത്.

മൂന്നു ദിവസം മുന്‍പാണു ചൂരല്‍മലയിലെത്തിയത്. ഉരുള്‍പൊട്ടലില്‍ റിസോര്‍ട്ട് തുടച്ചുനീക്കപ്പെട്ടപ്പോള്‍ എല്ലാവരും കുത്തൊഴുക്കില്‍പെട്ടു. ഭര്‍ത്താവിനെയും ഡോ. സ്വാധിനിനെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഡോ. സ്വികൃതി അതീവഗുരുതരാവസ്ഥയില്‍ ഇതേ ആശുപത്രിയില്‍ വെന്റിലേറ്ററിലുണ്ട്. ഇരുവര്‍ക്കും വേണ്ടി മനമുരുകി പ്രാര്‍ത്ഥിക്കുകയാണ് പ്രിയദര്‍ശിനി.

അപകടത്തില്‍ പ്രിയദര്‍ശിനിക്കും ദേഹമാകെ മുറിവേറ്റിട്ടുണ്ട്. വസ്ത്രങ്ങള്‍ മാറാനും ശുചിമുറിയില്‍ പോകാനും പ്രിയദര്‍ശിനിക്കു താങ്ങായി സാനിയ കൂടെയുണ്ട്. വയനാട് സ്വദേശി താഹിറാണ് ബന്ധുക്കളെ കണ്ടെത്താന്‍ സഹായവുമായി ഓടിയെത്തിയത്. താഹിറിന്റെ സുഹൃത്തിന്റെ ഭാര്യയ്‌ക്കൊപ്പം പഠിച്ചവരാണു ഡോ. ബിഷ്ണുപ്രസാദും ഡോ. സ്വാധിനും. ഇവര്‍ അപകടത്തില്‍പെട്ടത് സുഹൃത്ത് പറഞ്ഞാണ് അറിഞ്ഞത്. പ്രിയദര്‍ശിനിയുടെ അച്ഛനും സഹോദരനും ഉള്‍പ്പെടെയുള്ളവരെ അറിയിച്ച് അവരെ ആശുപത്രിയില്‍ എത്തിക്കാനും താഹിറിനു കഴിഞ്ഞു.