ബംഗ്ലദേശില്‍ ഇടക്കാല സര്‍ക്കാരിനെ നയിക്കാൻ നൊബേല്‍ ജേതാവും സാമ്പത്തിക വിദഗ്ധനുമായ മുഹമ്മദ് യൂനുസ്. സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവായി യൂനുസിനെ രാഷ്ട്രപതി നിയമിച്ചു. രാജ്യത്ത് പ്രക്ഷോഭം നടത്തിയിരുന്ന വിദ്യാർഥി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. സർക്കാരിലെ മറ്റ് അംഗങ്ങളെ വൈകാതെ തീരുമാനിക്കും.
പാരിസിൽ നിന്ന് യൂനുസ് വൈകാതെ ധാക്കയിൽ എത്തും. ബംഗ്ലാദേശിനെ ‘സ്വതന്ത്ര രാജ്യം’ എന്നാണ് ഷെയ്ഖ് ഹസീനയുടെ രാജിയ്ക്കു ശേഷം നൊബേൽ ജേതാവ് മുഹമ്മദ് യൂനസ് വിശേഷിപ്പിച്ചത്. ഹസീന ഭരിക്കുമ്പോൾ ബംഗ്ലാദേശ് അധിനിവേശ രാജ്യമായിരുന്നു. അവർ ഒരു അധിനിവേശ ശക്തിയെപ്പോലെയാണ് ഭരിച്ചത്. സ്വേച്ഛാധിപതിയെയും ജനറലിനെയും പോലെ എല്ലാം നിയന്ത്രിക്കുന്ന രീതിയിലായിരുന്നു പെരുമാറ്റമെന്നും യൂനസ് പറഞ്ഞു.
1940 ജൂൺ 28ന് ബംഗ്ലാദേശിലെ ചിറ്റഗോങ്ങിൽ ജനിച്ച മുഹമ്മദ് യൂനുസ് പ്രമുഖ സാമ്പത്തിക വിദഗ്ധനാണ്. ഗ്രാമീണരുടെ ദാരിദ്ര്യം തടയാൻ സൂക്ഷ്മ വായ്പ- നിക്ഷേപ പദ്ധതി നടപ്പിലാക്കിയ ഗ്രാമീൺ ബാങ്കിന്റെ സ്ഥാപകനാണ് യൂനുസ്. യൂനുസിന് 2006 ലാണ് നൊബേൽ സമ്മാനം ലഭിച്ചത്. നൊബേൽ സമ്മാനത്തിനു പുറമെ, 2009ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, 2010ൽ കോൺഗ്രസ്സ് ഗോൾഡ് മെഡൽ എന്നിവയുൾപ്പെടെ നിരവധി പുരസ്കാരങ്ങൾ യൂനുസിന് ലഭിച്ചിട്ടുണ്ട്.അതേസമയം ഇന്ത്യ അതിര്‍ത്തിയില്‍ ജാഗ്രത തുടരുകയാണ്. ബിഎസ്എഫ് മേധാവി ബംഗാള്‍ അതിര്‍ത്തിയില്‍ തുടരുന്നുണ്ട്. അതിര്‍ത്തി ജില്ലകളില്‍ കനത്ത ജാഗ്രതാ നിര്‍ദേശമുണ്ട്. ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടർന്നു രാജ്യം വിട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഏതാനും ദിവസം കൂടി ഇന്ത്യയിൽ തുടരും. ലണ്ടനിലേക്കുള്ള തുടർയാത്രയ്ക്കു ചില തടസ്സങ്ങൾ നേരിട്ടതാണു കാരണം. ബംഗ്ലദേശിലെ കേസുകളിൽ നിന്നുള്ള സുരക്ഷ ഉറപ്പു നൽകാൻ ബ്രിട്ടൻ തയാറായില്ല എന്നാണു സൂചന. അതീവ സുരക്ഷയിൽ രഹസ്യകേന്ദ്രത്തിലാണ് ഹസീനയും സഹോദരി രഹാനയും ഇപ്പോൾ.