മേപ്പാടി: വന്‍ ദുരന്തത്തില്‍നിന്നു തലനാരിഴയ്ക്ക് രക്ഷപ്പെട്ടിട്ടും പലരും തങ്ങള്‍ നേരില്‍ കണ്ട കാഴ്ച്ചകളുടെ ഞെട്ടലില്‍നിന്നു മുക്തരായിട്ടില്ല. മലവെള്ളപ്പാച്ചിലില്‍നിന്നു തലനാരിഴക്ക് രക്ഷപ്പെട്ട നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് സുജാത. രക്ഷപ്പെട്ടുവെന്നത് വിശ്വസിക്കാന്‍ പോലും കഴിയുന്നില്ല. അടുപ്പിന്റെ ഇടയിലൂടെയുള്ള ഒരു സ്ലാബിലൂടെയാണ് പുറത്തേക്ക് കടക്കാനായത്. അപ്പോഴാണ് കൊച്ചു മകളുടെ കരച്ചില്‍ കേട്ടത്.
കുഞ്ഞിന്റെ ഒരു വിരല്‍ മാത്രമാണ് കൈയില്‍ കിട്ടിയത്. ആ വിരലില്‍ പിടിച്ചുവലിച്ചാണ് പുറത്തേക്ക് എടുത്തത്. മൂന്നുനില കെട്ടിടം ഒഴുകി വരുന്നതാണ് കാണ്ടത്. ആ വീട് വീണ് തങ്ങളുടെ വീടും ഇല്ലാതായെന്നും സുജാത പറഞ്ഞു. എല്ലാരേംകൊണ്ട് നീന്തി. ഏതു ദൈവമാ ഇവിടംവരെ എത്തിച്ചതെന്ന് അറിയില്ല. എങ്ങനെയൊക്കെയോ മോളേം കൊച്ചുമോളേം കൊണ്ട് ഒരു കുന്നില്‍ വലിഞ്ഞ് കേറി.
അവിടുന്ന് ഓടി എത്തിയത് കൊമ്പന്റെ മുമ്പിലേക്കാ. കരഞ്ഞുകൊണ്ട് നിലവിളിച്ചപ്പോ ആന വഴിമാറി. എങ്ങനെയാ രക്ഷപ്പെട്ടേന്ന് ഈശ്വരനു മാത്രേമേ അറിയൂ. അയല്‍വാസികളില്‍ കുഞ്ഞുങ്ങളടക്കം ആറേഴ് പേരുണ്ടായി. ആരും ഇന്നില്ല- സുജാത കരഞ്ഞുകൊണ്ട് പറഞ്ഞു. മഹാദുരന്തത്തില്‍ പെട്ടുപോയവര്‍ക്കായി ദുരിതാശ്വാസ ക്യാമ്പുകളിലും ആശുപത്രികളിലും കാത്തുനില്‍ക്കുന്നവര്‍ കണ്ണീര്‍ നോവാകുകയാണ്.
ആശുപത്രികളിലേക്ക് എത്തുന്ന ഒരോ ആംബുലന്‍സിലും തങ്ങളുടെ വേണ്ടപ്പെട്ടവര്‍ ഉണ്ടാകുമോയെന്ന പ്രതീക്ഷയോടെ ഓടിയെത്തുന്നവരുടെ കാഴ്ച കരളലിയിപ്പിക്കുന്നു. മഹാദുരന്തം കഴിഞ്ഞ് നാലു ദിവസം പിന്നിടുമ്പോഴും തങ്ങളുടെ എല്ലാമെല്ലാം ആയിരുന്നവരെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ നിരവധി പേരാണ് വിങ്ങിപൊട്ടി ആശുപത്രി വരാന്തകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും കാത്തിരിക്കുന്നത്.
ദുരന്തഭൂമിയില്‍നിന്ന് ആശുപത്രികളില്‍ എത്തിക്കുന്ന ചിന്നിച്ചിതറിയ മൃതശരീരങ്ങള്‍ തങ്ങളുടെ ഉറ്റവരുടേതാണോയെന്ന് തിരിച്ചറിയാന്‍പോലും ഇവര്‍ക്ക് സാധിക്കുന്നില്ല. അച്ഛനമ്മമാര്‍ക്കായി കാത്തിരിക്കുന്ന കുരുന്നുകളും മക്കള്‍ക്കായി കാത്തിരിക്കുന്ന അച്ഛനും അമ്മയും സഹോദങ്ങളേയും ബന്ധുക്കളേയും സുഹൃത്തുകളേയും കാത്തിരിക്കുന്നവര്‍ ഈ ദുരന്തത്തിന്റെ ബാക്കിപാത്രങ്ങളാവുകയാണ്.
ദുരന്തത്തില്‍പെട്ടവരും ദുരന്തം നേര്‍ക്കുനേര്‍ കണ്ടവര്‍ക്കും ആ രാത്രി ഞെട്ടിപ്പിക്കുന്ന ഓര്‍മയാണ്. ദുരന്തരാത്രിയില്‍ നോക്കിനില്‍ക്കെ ഉറ്റവര്‍ കൈയില്‍നിന്നു വഴുതിപോയതിനെ ഓര്‍ത്ത് പലരും നെഞ്ചുപ്പൊട്ടി പറയുന്നത് കണ്ണീരോടയെ കണ്ടുനില്‍ക്കാന്‍ കഴിയുകയുള്ളൂ.