കോഴിക്കോട്: ട്രെയിനിൽ നിന്നു വീണ വിദ്യാര്‍ഥി മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം. ഏറ്റുമാനൂർ പാറോലിക്കൽ പഴയ എംസി റോഡിൽ വടക്കേ തകടിയേൽ നോയൽ ജോബി (21) ആണ് മരിച്ചത്. ബുധനാഴ്ച അർധ രാത്രിയോടെ മീഞ്ചന്ത മേൽപ്പാലത്തിനു സമീപമാണ് അപകടം. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറങ്ങിലെ അവസാന വർഷ വിദ്യാർഥിയാണ്. മംഗളൂരുവിൽ നിന്നു ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്നു.
കഴിഞ്ഞ 23നു ഇൻഡസ്ട്രിയൽ വിസിറ്റിനായി മംഗളൂരുവിലേക്ക് പോയതാണ്. അവിടെ നിന്നു നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ശുചിമുറിയിൽ പോയി മടങ്ങുന്നതിനിടെ കാൽ വഴുതി വീണതാകാം എന്നാണ് പോലീസിന്റെ പ്രാഥമനിക നിഗമനം. നോയലിന്റെ ഒപ്പമുണ്ടായിരുന്നവർ അപകടം അറിഞ്ഞിരുന്നില്ല. ഇവർ എറണാകുളത്തെത്തിയപ്പോൾ അപകട വിവരം പോലീസ് വിളിച്ചറിയിക്കുകയായിരുന്നു.
പിതാവ് ജോബി മാത്യ മെഡിക്കൽ എജ്യുക്കേഷൻ ഡിപ്പാർട്മെന്റ് ടെക്നിക്കൽ ഓഫീസറും തിരുവനന്തപുരം മെഡിക്കൽ കോളജ് ബയോ മെഡിക്കൽ ഡിപ്പാർട്മെന്റ് മേധാവിയുമാണ്. മാതാവ് ഏറ്റുമാനൂർ അമ്പാട്ട് മാലിയിൽ ഡൽറ്റി ജോബി (പാലാ മാർ സ്ലീവാ നഴ്സിങ് കോളജ് വൈസ് പ്രിൻസിപ്പൽ. സഹോദരൻ: ജോയൽ ബേബി (സോഫ്റ്റ്‍വെയർ എൻജിനീയർ). സംസ്കാരം ഇന്ന് വൈകീട്ട് ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ.