ബൈക്ക് യാത്രികനെ ഇടിച്ച് ബോണറ്റിന് മുകളിലേക്കിട്ടു, നിര്‍ത്താതെ കാര്‍ ഓടിച്ചുപോയി; യുവാക്കള്‍ പിടിയില്‍

ബൈക്ക് യാത്രികനെ ഇടിച്ച് ബോണറ്റിന് മുകളിലേക്കിട്ടു, നിര്‍ത്താതെ കാര്‍ ഓടിച്ചുപോയി; യുവാക്കള്‍ പിടിയില്‍


കോഴിക്കോട്: ബൈക്കില്‍ കാര്‍ തട്ടിയത് ചോദ്യം ചെയ്ത യുവാവിനെ ഇടിച്ചിട്ട് കാര്‍ യാത്രികര്‍. ബോണറ്റിന് മുകളില്‍ വീണ യുവാവിനെയും കൊണ്ട് കാര്‍ വീണ്ടും മുന്നോട്ടു നീങ്ങി. കോഴിക്കോട് മുക്കം അഭിലാഷ് ജംഗ്ഷനിലാണ് ഉച്ചയോടെ യാത്രക്കാരെ ഞെട്ടിച്ച സംഭവം നടന്നത്. പരിക്കേറ്റ ബൈക്ക് യാത്രികന്‍ കാരശ്ശേരി ചോണാട് സ്വദേശി ഇബ്‌നു ഫിന്‍ഷാദിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറില്‍ യാത്ര ചെയ്തിരുന്ന ഈങ്ങാപ്പുഴ സ്വദേശികളായ ഷാമില്‍, ജംഷീര്‍ എന്നിവരെ മുക്കും പൊലീസ് അറസ്റ്റ് ചെയ്തു.

ഈങ്ങാപ്പുഴ സ്വദേശി ഷാമില്‍ സുഹൃത്തായ ജംഷീറിനെ കാണാന്‍ മുക്കത്ത് എത്തിയതായിരുന്നു. അഭിലാഷ് ജംഗ്ഷനില്‍ വെച്ച് കാര്‍ യൂ ടേണ്‍ എടുക്കുന്നതിനിടെ ഇബ്‌നു ഫിന്‍ഷാദിന്റെ സ്‌കൂട്ടറില്‍ ഇടിക്കുകയും തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാവുകയും ചെയ്തു. തര്‍ക്കത്തിനിടയില്‍ ജംഷീര്‍ തന്നെ മര്‍ദിക്കുകയും ഷാമില്‍ കാര്‍ മുന്നോട്ടെടുത്ത് ഇടിപ്പിക്കുകയുമായിരുന്നുവെന്ന് ഇബ്‌നു പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

കാറിന്റെ ബോണറ്റിന് മുകളില്‍ വീണുപോയ ഇബ്‌നുവുമായി മീറ്ററുകളോളം കാര്‍ ഓടിക്കുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ഇബ്‌നു കാറില്‍ നിന്ന് വീണയുടന്‍ സംഘം ഇവിടെ നിന്ന് കടന്നുകളയുകയായിരുന്നു. പൊലീസാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.