തിരുവനന്തപുരം: വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഗവര്‍ണര്‍മാരുടെ യോഗത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഈ ആവശ്യം ഉന്നയിച്ചത്. നേരത്തെ മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയുമെല്ലാം വയനാട്ടിലുണ്ടായത് ദേശീയ ദുരന്തമാണെന്ന് അഭിപ്രായപ്പെട്ടിരുന്നു.
ഇതിനെ പിന്തുണയ്ക്കുന്ന തരത്തിലാണ് ഗവര്‍ണറും അഭിപ്രായപ്രകടനം നടത്തിയത്. അതേസമയം കേന്ദ്രസര്‍ക്കാരിനോട് വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുമെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന ഗവര്‍ണര്‍മാരുടെ അനൗദ്യോഗിക യോഗത്തില്‍ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നുവെന്ന് ആരിഫ് ഖാന്‍ പറഞ്ഞു.
നാളെ ചേരുന്ന യോഗത്തില്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ ആവശ്യപ്പെടുമെന്നും ആരിഫ് ഖാന്‍ പറഞ്ഞു. വയനാട് ദുരന്തം കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല. അതത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഷയം ചര്‍ച്ച ചെയ്യുമെന്നും ഗവര്‍ണര്‍ര്‍മാര്‍ യോഗത്തില്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. വയനാടിന്റെ വിഷയം രാജ്യത്തിന്റേതായി കണ്ട് നടപടി ഉണ്ടാകണം.
ഇന്നത്തെ യോഗത്തില്‍ എല്ലാ ഗവര്‍ണര്‍മാരും അവരവരുടെ മുഖ്യമന്ത്രിമാരോട് സംസാരിക്കാം എന്ന് അറിയിച്ചിട്ടുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു. അതേസമയം ഉരുള്‍പ്പൊട്ടലിന്റെ ആദ്യ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ തന്നെ പ്രധാനമന്ത്രി പ്രതികരിച്ചതാണ്. അപ്പോള്‍ എന്തുകൊണ്ട് കൂടുതല്‍ നടപടികള്‍ നമ്മള്‍ പ്രതീക്ഷിക്കാതിരിക്കണം. ഈ സമയത്ത് വയനാടിന് ഒപ്പം രാജ്യമുണ്ടാവുമെന്നാണ് പ്രതീക്ഷയെന്നും ഗവര്‍ണര്‍ പറഞ്ഞു.
അതേസമയം മുണ്ടക്കൈയില്‍ ഉരുള്‍പ്പൊട്ടലില്‍ കാണാതായവര്‍ക്കായി നാളെ വ്യാപക പരിശോധന. ചാലിയാര്‍ പുഴയുടെ 40 കിലോമീറ്റര്‍ പരിധിയിലും പരിശോധന നടത്തും. എട്ട് പോലീസ് സ്‌റ്റേഷന്‍ അതിര്‍ത്തികളിലായിട്ടാണ് പരിശോധനം നടക്കുക. മന്ത്രിമാരായ കെ രാജന്‍, മുഹമ്മദ് റിയാസ്, എകെ ശശീന്ദ്രന്‍, എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.
പോലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്നാകും ചാലിയാറിന്റെ തീരങ്ങളില്‍ തിരച്ചില്‍ നടത്തുക. ബെയ്‌ലി പാലത്തിലൂടെ 25 ആംബുലന്‍സുകള്‍ അകത്ത് സജ്ജമാക്കും. മുണ്ടക്കൈയിലെ അട്ടമല, പുഞ്ചിരിമട്ടം, സ്‌കൂള്‍ ഏരിയ, വില്ലേജ് റോഡ്, താഴ്ഭാഗം എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തും. ഡ്രോണ്‍-റഡാര്‍ സംവിധാനങ്ങള്‍ മറ്റന്നാള്‍ മുതല്‍ ഉപയോഗിച്ച് തുടങ്ങും.
നിലവിലെ കണക്കുകള്‍ പ്രകാരം 206 പേരെയാണ് കാണാതായത്. ഇതും കൃത്യമായ കണക്കല്ലെന്നാണ് വിലയിരുത്തല്‍. തിരച്ചിലിനായി തമിഴ്‌നാട്ടില്‍ നിന്ന് നാളെ നാല് ഡോഗ് സ്‌ക്വാഡുകള്‍ ക ൂടി വയനാട്ടിലെത്തും. ആകെ പത്തു ഡോഗ് സ്‌ക്വാഡുകളുടെ സേവനം ലഭിക്കും. വിവിധ സംസ്ഥാനങ്ങളോട് സഹായം അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും മന്ത്രിമാര്‍ അറിയിച്ചു.