മേപ്പാടി: വയനാട്ടിലെ ദുരന്ത മേഖലയോട് ചേർന്ന മേഖലയിൽ വീടുകളിൽ കവർച്ച നടക്കുന്നതായി പരാതി. മുണ്ടക്കൈയിലെയും ചൂരൽമലയിലെയും വീടുകളിലാണ് സംഭവം. ഈ മേഖലയിൽ അപകടം സംഭവിക്കാത്ത വീടുകളിൽ നിന്നടക്കം ആളുകളെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. അത്തരം വീടുകളിലാണ് കവർച്ച നടക്കുന്നതായി പരാതി ഉയർന്നിരിക്കുന്നത്.
അപകടം സംഭവിച്ചതറിഞ്ഞ് വീടുകളിൽ നിന്ന് ഇറങ്ങിയോടിയപ്പോൾ പലരും വീടുകൾ അടച്ചുപൂട്ടാതെയും അടച്ചുപൂട്ടിയുമാണ് ഓടിയതെന്ന് പ്രദേശവാസി പറഞ്ഞു. ഗൾഫ് നാടുകളിൽ അധ്വാനിച്ച് നേടിയ സമ്പാദ്യം കൊണ്ട് ഏലവും കാപ്പിയും അടക്കം കൃഷി ചെയ്യുന്ന സാമ്പത്തികമായി മെച്ചപ്പെട്ട നിലയിൽ ജീവിക്കുന്ന പലരും ഈ മേഖലയിൽ ഉണ്ടായിരുന്നു. അവരുടെയെല്ലാം വീടുകളിൽ സ്വർണവും പണവും സൂക്ഷിച്ചിരുന്നു. ഇതിനെക്കുറിച്ചൊന്നും ആലോചിക്കാതെയാണ് ദുരന്തം സംഭവിച്ചതറിഞ്ഞ് വീടുകൾ വിട്ട് ഓടിയത്. ജീവൻ മാത്രം കൈയ്യിൽ പിടിച്ചാണ് മിക്കവരും വീടുകളിൽ നിന്ന് ക്യാംപുകളിലേക്ക് മാറിയതെന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് ക്യാംപുകളിൽ നിന്ന് തങ്ങളുടെ വീടുകളുടെ സ്ഥിതി എന്താണെന്ന് പരിശോധിക്കാൻ തിരികെ പോയവർക്കാണ് നെഞ്ച് തകരുന്ന അനുഭവം ഉണ്ടായത്. വീടുകളുടെ വാതിലുകൾ കുത്തിത്തുറന്ന് അലമാരകളിൽ നിന്നടക്കം സ്വർണവും പണവും അപഹരിച്ചുവെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. വെള്ളം കേറിയെത്താത്ത വീടുകളിൽ ആളുകളുണ്ടോയെന്ന് പരിശോധിക്കാനല്ലാതെ എന്തിന് തുറന്നുവെന്നാണ് ചോദ്യം. പൂട്ടിയിട്ട അലമാരകളിൽ മൃതദേഹം ഉണ്ടോയെന്ന് നോക്കാനാണോ തുറന്നതെന്നും അവർ ചോദിക്കുന്നു. പ്രദേശവാസികൾ തന്നെ സ്ഥിരീകരിച്ചു.
മൃതദേഹം കിടന്ന തകർന്ന വീടുകളിൽ നിന്നും പഴ്സും സ്വർണവും അടക്കമുള്ളവ കവർന്നതായും ഇവർ പറയുന്നു. ദുരിതാശ്വാസ പ്രവർത്തകരുടെ മെഷീൻ വാളും കൈ വാളും പോലും കവർന്നതായും പരാതിയുണ്ട്. മൃതദേഹം ഉണ്ടോയെന്ന് പരിശോധിക്കാനായി ഒരു തകർന്ന വീടിലേക്ക് കയറി തിരിച്ചുവന്നപ്പോഴാണ് ആയുധങ്ങൾ നഷ്ടമായതെന്ന് പ്രദേശവാസി കൂടിയായ രക്ഷാപ്രവർത്തകൻ പറഞ്ഞു. ഇത്രയും വലിയ ദുരന്തം നടന്ന മേഖലയിലെത്തി മോഷ്ടിക്കണമെങ്കിൽ ഇവിടം അറിയുന്ന ആളുകൾ തന്നെയായിരിക്കണമെന്നും നാട്ടുകാർ പറയുന്നു