തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിട്ട് ഒരാഴ്ച; രോഗ ഉറവിടത്തിൽ വ്യക്തതയില്ല , ഇരുട്ടില്‍ തപ്പി ആരോഗ്യവകുപ്പ്

തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചിട്ട് ഒരാഴ്ച; രോഗ ഉറവിടത്തിൽ വ്യക്തതയില്ല , ഇരുട്ടില്‍ തപ്പി ആരോഗ്യവകുപ്പ്


നിലവിൽ ഒരു മരണം ഉൾപ്പെടെ ഒൻപത് കേസുകൾ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

photo - facebook

തിരുവനന്തപുരം: അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ച് ഒരാഴ്ച പിന്നിട്ടിട്ടും രോഗത്തിന്റെ്‌ ഉറവിടം കണ്ടെത്താനാകാതെ ആരോഗ്യവകുപ്പ്. രോഗികളുടെ ആരോഗ്യനിലയിൽ പുരോഗതി കണ്ടതോടെ ഉറവിടത്തെ കുറിച്ചുള്ള അന്വേഷണം നീണ്ടുപോകുന്നു. നെല്ലിമൂട് സ്വദേശികൾക്ക് രോഗം പകർന്നു എന്ന് സംശയിക്കുന്ന കുളത്തിൽ നിന്നുള്ള സാമ്പിളുകൾ ഇനിയും വിദഗ്ധ പരിശോധനയ്ക്ക് അയച്ചിട്ടില്ല. നേരത്തെ പ്രാഥമിക പരിശോധനയിൽ കുളത്തിലെ സാമ്പിൾ നെഗറ്റീവ് ആയിരുന്നു.

നിലവിൽ ഒരു മരണം ഉൾപ്പെടെ ഒൻപത് കേസുകൾ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ എട്ടു പേർ നെയ്യാറ്റിൻകര സ്വദേശികളാണ്. ഒരാൾ പേരൂർക്കട സ്വദേശിയും. ഇയാൾക്ക് എവിടെ നിന്നാണ് രോഗബാധയുണ്ടായതെന്നും സ്ഥിരീകരിക്കാനായില്ല. ഗുരുതരാവസ്ഥയിലായിരുന്ന പേരൂർക്കട സ്വദേശിയുടെ ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

കണ്ണറവിളയിൽ എട്ടുപേർക്ക് അമീബിക് മസ്തിഷ്ക ജ്വരം ബാധിക്കുന്നതിന് കാരണമായ കാവിൻകുളത്തിലെ വെള്ളം പരിശോധിച്ചെങ്കിലും പാരസൈറ്റിന്റെ സാന്നിധ്യം കണ്ടെത്താനാവാത്തത് തിരിച്ചടിയായി. ചികിത്സയിലുള്ള മറ്റുള്ളവരുടെയും ആരോഗ്യനിലയിൽ പ്രശ്നങ്ങൾ ഇല്ല. ഐസിഎംആറിന്റെ വിദഗ്ധ സംഘത്തിൻറെ പഠനവും തുടങ്ങിയിട്ടില്ല.

അതേസമയം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് കോഴിക്കോട് ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതർ. കഴിഞ്ഞ ദിവസം വെന്റിലേറ്ററിൽ നിന്ന് മാറ്റിയ കണ്ണൂർ തളിപ്പറമ്പ് സ്വദേശിയായ മൂന്നര വയസ്സുകാരൻ ഐസിയുവിൽ കഴിയുകയാണ്.