കൊച്ചി:രഞ്ജിത്തിന്‍റെയും സിദ്ദിഖിന്‍റെയും രാജിക്ക് പിന്നാലെ സിനിമാരംഗത്ത് കടുത്ത അനിശ്ചിതത്വം.ലൈംഗിക ആരോപണത്തെ തുടർന്ന് ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് സിദ്ദിഖ് രാജിവെച്ചതോടെ പുതിയ ജനറൽ സെക്രട്ടറിയെ കണ്ടെത്തുന്നതിനായി അമ്മ സംഘടനയുടെ നിര്‍ണായക എക്സിക്യൂട്ടീവ് യോഗം നാളെ കൊച്ചിയിൽ ചേരും. ജോയിൻ സെക്രട്ടറി ബാബു രാജിനാണ് താത്കാലിക ചുമതല. സർക്കാർ അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചതോടെ പൂർണമായും നിയമ വഴിയിൽ നീങ്ങാനാണ് സംഘടനയുടെ തീരുമാനം. സിനിമാ ചിത്രീകരണം പൂർത്തിയാക്കി സിദ്ദിഖ് ഊട്ടിയിൽ നിന്ന് ഇന്ന് കൊച്ചിയിൽ മടങ്ങി എത്തുമെന്നാണ് വിവരം.
ആരോപണങ്ങളുമായി ബന്ധപ്പെട്ട് അഭിഭാഷകനുമായും കഴിഞ്ഞ ദിവസം തന്നെ താരം ചർച്ച നടത്തിയിരുന്നു. സിദ്ദിഖ് ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചതോടെ ആരായിരിക്കും അമ്മയുടെ പുതിയ ജനറല്‍ സെക്രട്ടറി എന്നതാണ് നടീ നടന്‍മാര്‍ക്കിടയിലെ ചര്‍ച്ച. ഹേമാ കമ്മറ്റി ഉയര്‍ത്തിയ പ്രതിസന്ധികള്‍ക്കിടയില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വനിതാ അംഗം വരുമോ എന്നാണ് ആകാംഷ. അമ്മയുടെ ബൈലോ അനുസരിച്ച് 11 അംഗ എക്സിക്യൂട്ടീവില്‍ നിന്ന് ഒരാളെ ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാം.
സുരേഷ് കൃഷ്ണ, ജോയ് മാത്യു, ടൊവിനോ തോമസ്, ഷാജോണ്‍, ടിനി ടോം, വിനു മോഹന്‍, ജോമോള്‍, അനന്യ, അന്‍സിബ, സരയു എന്നിവരാണ് എക്സിക്യൂട്ടീവിലുള്ളത്.സംഘടനയില്‍ ഏറ്റവും ഉത്തരവാദിത്തമുള്ള സ്ഥാനമാണ് ജനറല്‍ സെക്രട്ടറിയുടേത്.മുതിര്‍ന്ന അംഗമായ സിദ്ദിഖ് മാറുമ്പോള്‍ മറ്റൊരു മുതിര്‍ന്ന അംഗം വരേണ്ടെ എന്നാണ് ചോദ്യവും സംഘടനയ്ക്കുള്ളിൽ ഉയരുന്നുണ്ട്.ഇവിടെയാണ് വൈസ് പ്രസിഡന്‍റ് ജഗദീഷിന്‍റെ പേര് ഉയര്ന്നു വരുന്നത്.
ഹേമാ കമ്മറ്റി റിപ്പോര്‍ട്ടില്‍ ജഗദീഷ് നടത്തിയ പ്രതികരണത്തിന് പൊതു സമൂഹത്തില്‍ നിന്ന് കിട്ടിയ കയ്യടിയും ജഗദീഷിന്‍റെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നുണ്ട്.എന്നാല്‍, വൈസ് പ്രസിഡന്‍റ് സ്ഥാനത്തുള്ള ജഗദീഷിനെ ജനറല്‍ സെക്രട്ടറിയാക്കണമെങ്കില്‍ ബൈലോയില്‍ തിരുത്തല്‍ വേണം. അതിന് ജനറല്‍ ബോഡിക്ക് മാത്രമെ അധികാരമുള്ളൂ.അത്തരമൊരു വന്‍ നീക്കം അമ്മയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമോ എന്നതും ആകാംഷയുയര്‍ത്തുന്നു.
വനിതാ ജനറല്‍ സെക്രട്ടറിയെ സംഘടനയുടെ ചരിത്രത്തില്‍ ആദ്യമായി കൊണ്ടുവരാനുള്ള സാധ്യതകളും ഒരു വിഭാഗം പരിശോധിക്കുന്നുണ്ട്.വനിതാ അംഗം സെക്രട്ടറിയായി വന്നാല്‍ പൊതു സ്വീകാര്യത കിട്ടുമെന്നും ഡബ്ല്യുസിസിയുമായി അടക്കം ചര്‍ച്ചകള്‍ നടത്താന്‍ സഹായകമാകുമെന്ന വാദവും ഉയര്‍ന്നിട്ടുണ്ട്.കുഞ്ചാക്കോ ബോബനെയോ പ്രിഥ്വി രാജിനെയൊ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ തെരഞ്ഞെടുപ്പിന് മുന്‍പേ അമ്മ നീക്കം നടത്തിയിരുന്നു. അന്ന് വിസമ്മതിച്ചവര്‍ പുതിയ സാഹചര്യത്തില്‍ നേതൃനിരയിലേക്ക് വരുമോ എന്നും ചോദ്യമുണ്ട്.