രക്ഷാപ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ചു; ദൗത്യത്തിന് വെല്ലുവിളിയായി കനത്ത മഴ; തെര്‍മല്‍ സ്‌കാനിംഗും ഡ്രോണ്‍ പരിശോധനയും നടത്തും


രക്ഷാപ്രവര്‍ത്തനം താത്കാലികമായി അവസാനിപ്പിച്ചു; ദൗത്യത്തിന് വെല്ലുവിളിയായി കനത്ത മഴ; തെര്‍മല്‍ സ്‌കാനിംഗും ഡ്രോണ്‍ പരിശോധനയും നടത്തും


വയനാട്ടിലെ ചൂരല്‍മലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മൂന്നാം ദിവസത്തെ രക്ഷാപ്രവര്‍ത്തനം താത്കാലികമായി നിറുത്തിവച്ചു. പ്രദേശത്തെ കനത്ത മഴയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നത്. ഇതേ തുടര്‍ന്നാണ് താത്കാലികമായി പ്രദേശത്തെ രക്ഷാപ്രവര്‍ത്തനം നിറുത്തിവച്ചത്.

പ്രതികൂല കാലാവസ്ഥയ്‌ക്കൊപ്പം കെട്ടിട അവശിഷ്ടങ്ങളും കൂറ്റന്‍പാറകളും അടിഞ്ഞുകൂടിയ ചെളിയും രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുഷ്‌കരമാക്കുന്നു. 240ഓളം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്. ഡ്രോണിന്റെയും മറ്റ് സാങ്കേതിക വിദ്യകളുടെയും സഹായം തുടര്‍ന്നുള്ള രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ഉപയോഗിച്ച ഡ്രോണ്‍ വയനാട്ടിലേക്കെത്തിക്കാന്‍ തീരുമാനമായി. റിട്ട മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ സംഘത്തിന്റെ സഹായവും വയനാട്ടിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. തെര്‍മല്‍ സ്‌കാനിംഗും ഡ്രോണ്‍ പരിശോധനയും നടത്തും.

ഇതുകൂടാതെ മണ്ണിനടിയില്‍ കുടുങ്ങിയവരെ കണ്ടെത്താന്‍ ഐബോഡ് പരിശോധനയും നടത്തും. റിട്ട മേജര്‍ ജനറല്‍ ഇന്ദ്രബാലന്റെ നേതൃത്വത്തിലായിരിക്കും ഐബോഡ് പരിശോധന നടത്തുക.