buddhadeb-cm


ബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ(80) അന്തരിച്ചു. തുടര്‍ച്ചയായി 11 വര്‍ഷം ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു. ശ്വാസ തടസത്തെ തുടര്‍ന്ന് ജൂലൈ 29 മുതല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. 

ഉത്തര കൊൽക്കത്തയിൽ 1944 മാർച്ച് 1നു ജനിച്ച ബുദ്ധദേവ് പ്രസിഡൻസി കോളജിൽ നിന്നും ബിരുദം നേടി.  1968ൽ ഡിവൈഎഫ്ഐ ബംഗാൾ സെക്രട്ടറിയായ അദ്ദേഹം 1971ൽ സിപിഎം സംസ്ഥാനകമ്മിറ്റി അംഗവും 1985ൽ കേന്ദ്ര കമ്മിറ്റി അംഗവുമായി. ഇടതുമുന്നണി ബംഗാൾ ഭരണം പിടിച്ചെടുത്ത 1977ൽ കോസിപുരിൽനിന്ന് ആദ്യമായി നിയമസഭാംഗമായി. 1987ൽ പരാജയപ്പെട്ടെങ്കിലും അതേ വർഷം തന്നെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയായി. 

ജ്യോതി ബസുവിന്റെ പിൻഗാമിയായി 2000ലാണ് ആദ്യമായി മുഖ്യമന്ത്രിയാകുന്നത്. 2001, 2006 നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തിയെങ്കിലും 2011ൽ കനത്ത പരാജയം നേരിട്ടു. 1987–96 കാലത്ത് വാർത്താവിനിമയ, സാംസ്കാരിക വകുപ്പും 1996–99 കാലത്ത് ആഭ്യന്തരവും കൈകാര്യം ചെയ്തു.

2006- 11 കാലത്ത് വ്യവസായങ്ങൾക്കായുള്ള കൃഷിഭൂമി ഏറ്റെടുക്കലാണ് ബുദ്ധദേവ് സർക്കാരിനെതിരെ ജനരോഷം അഴിച്ചുവിട്ടത്. സിംഗൂർ, നന്ദിഗ്രാം, മി‍ഡ്നാപുർ വിഷയങ്ങൾ ഉയർത്തിയ കൊടുങ്കാറ്റിൽ ബുദ്ധദേബിനും ഇടതുമുന്നണിക്കും കാലിടറി. സിപിഎം കേവലം 40 സീറ്റിൽ ഒതുങ്ങി. ജാദവ്പുരിൽ ബുദ്ധദേവും പരാജയപ്പെട്ടു. 2015ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ പിബിയിൽ നിന്നു ഒഴിവായി. 

രണ്ടു പതിറ്റാണ്ടിലേറെക്കാലം മന്ത്രിയായിരുന്നുവെങ്കിലും ലാളിത്യമായിരുന്നു ബുദ്ധദേവിന്റെ മുഖമുദ്ര. ബംഗാളിഭാഷയിൽ അഗാധപാണ്ഡിത്യം നേടിയിരുന്ന അദ്ദേഹം ശ്രദ്ധേയമായ സാഹിത്യപഠനങ്ങളും വിവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ഭാര്യ: മീര. മകൾ സുചേതന.