കേരളത്തിനൊപ്പമുണ്ട്, സാധ്യമായ എല്ലാ സഹായവും ഉടന്‍ ചെയ്യും: കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി


കേരളത്തിനൊപ്പമുണ്ട്, സാധ്യമായ എല്ലാ സഹായവും ഉടന്‍ ചെയ്യും: കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടെന്ന് പ്രധാനമന്ത്രി



കല്‍പ്പറ്റ: വയനാട് ദുരന്തത്തില്‍ കേരളത്തിന് കേന്ദ്രത്തിന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പമാണെന്നും സാധ്യമായ എല്ലാ സഹായങ്ങളും കേന്ദ്രം ചെയ്യുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. പാക്കേജ് സംബന്ധിച്ച് ഉടന്‍ തീരുമാനം ഉണ്ടാകുമെന്നും ദുരിതബാധിതരുടെ പുനരധിവാസത്തിനാണ് പ്രാധാന്യം നല്‍കുന്നതെന്നും വയനാട് ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മോദി വ്യക്തമാക്കി.

നൂറു കണക്കിന് ആളുകളെയാണ് ദുരന്തം ബാധിച്ചത്. ദുരന്തത്തില്‍ നിരവധി കുടുംബങ്ങളുടെ പ്രതിക്ഷകളാണ് തകര്‍ന്നത്. ദുരന്തബാധിതരെ നേരില്‍ കണ്ടു. അവരുടെ ദുഃഖങ്ങളും ദുരിതങ്ങളും നേരിട്ടറിഞ്ഞു. കുട്ടികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് മാനസിക പിന്തുണ നല്‍കേണ്ടത് അനിവാര്യമാണ്. ദുരന്തബാധിതര്‍ക്കൊപ്പം നില്‍ക്കുകയെന്നതാണ് പ്രധാനം. ഭാവി ജീവിതവും സ്വപ്നവും യാഥാര്‍ത്ഥ്യമാക്കാന്‍ നാം അവര്‍ക്കൊപ്പം ചേരണം. അത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സര്‍ക്കാരുകള്‍ ഏതുമാകട്ടെ ദുരിതബാധിതര്‍ക്കൊപ്പമാണ് നമ്മള്‍ നില്‍ക്കുന്നത്. കേരളത്തിന്റെ ആവശ്യങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും മോദി ഉറപ്പ് നല്‍കി.