ദുരന്തഭൂമിയില്‍ അതിശക്തമായ മഴ; അപകടഭീഷണി, രക്ഷാപ്രവര്‍ത്തകരെ പുഞ്ചിരിമട്ടത്തിൽ നിന്ന് തിരിച്ചിറക്കി

ദുരന്തഭൂമിയില്‍ അതിശക്തമായ മഴ; അപകടഭീഷണി, രക്ഷാപ്രവര്‍ത്തകരെ പുഞ്ചിരിമട്ടത്തിൽ നിന്ന് തിരിച്ചിറക്കി


കല്‍പ്പറ്റ: രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതിനിടെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലിയല്‍ അതിശക്തമായ മഴ. ഉച്ചയ്ക്കുശേഷം രണ്ടരയ്ക്കുശേഷമാണ് പ്രദേശത്ത് മഴ ആരംഭിച്ചത്. ഉരുള്‍പൊട്ടലിന്‍റെ പ്രഭവ കേന്ദ്രമായ പുഞ്ചിരിമട്ടം മേഖലയിലാണ് അതിശക്തമായ മഴ പെയ്യുന്നത്. ഇതേ തുടര്‍ന്ന് ഇവിടങ്ങളില്‍ നിന്ന് രക്ഷാപ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും സുരക്ഷിതമായ ഇടങ്ങളിലേക്ക് തിരിച്ചിറക്കി. മുണ്ടക്കൈയിലെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് തല്‍ക്കാലത്തേക്ക് മാറാനാണ് നിര്‍ദേശം.

മുണ്ടക്കൈയിലും ശക്തമായ മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായി തുടരുകയാണ്. ചൂരല്‍മലയിലും കനത്ത മഴ പെയ്യുന്നുണ്ട്. മഴ പെയ്യുന്നത് വീണ്ടും മലവെള്ളപ്പാച്ചിലുണ്ടാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അപകടമേഖലയില്‍നിന്ന് സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് മാറാനാണ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അതേസമയം, ചൂരല്‍മലയില്‍ സൈന്യം നിര്‍മിക്കുന്ന ബെയിലി പാലം വൈകിട്ടോടെ സജ്ജമാകും.

ഇതിനുശേഷം മുണ്ടക്കൈ മേഖലയിലെ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കാനാകും. മഴ കുറഞ്ഞശേഷം പുഞ്ചിരിമട്ടത്തെ രക്ഷാപ്രവര്‍ത്തനം വീണ്ടും ആരംഭിക്കും.ഇതിനിടെ, വയനാട്ടിലെ ദുരന്തമേഖലയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ കോട്ടനാടിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. 

അതേസമയം, സംസ്ഥാനത്ത് അടുത്ത മണിക്കൂറുകളിൽ കേരളത്തിലെ ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ആലപ്പുഴ, കോട്ടയം, തൃശൂർ, പാലക്കാട്. മലപ്പുറം, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിയുണ്ട്. ഓറഞ്ച് അലര്‍ട്ടാണ് ഈ ജില്ലകളില്‍ പ്രഖ്യാപിച്ചിട്ടുള്ളത്.