ചൂരല്‍മല: ഇന്നലെ ദുരന്തമുഖത്ത് തെരച്ചിലിനെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും കാണാന്‍ സാധിച്ചത് കരളലിയിക്കുന്ന കാഴ്ചകള്‍. പുഴയിലൂടെ മൃതദേഹങ്ങള്‍ ഒഴുകി വരുന്നതു മുതല്‍ അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന കാഴ്ചകള്‍ വരെയാണ് മുണ്ടക്കൈയില്‍ ദുരന്തത്തിന്റെ അവശേഷിപ്പുകള്‍.
വീടുകള്‍ക്കടുത്തെത്തുമ്പോള്‍ കിട്ടുന്ന മൃതദേഹത്തിന്റെ മണം പിടിച്ചാണു പല വീടുകളും പൊളിച്ച് അകത്ത് കയറുന്നത്. മണ്ണിനടിയില്‍പെട്ട ഒരു വീട്ടില്‍നിന്നു കേസരയില്‍ ഇരിക്കുന്ന നിലയിലാണു മൂന്നു മൃതദേഹം രക്ഷാസംഘം കണ്ടെത്തിയത്. കട്ടിലില്‍ കിടക്കുന്നവരും പുറത്തേക്ക് ഓടാന്‍ ശ്രമിച്ചപ്പോള്‍ മരിച്ചു വീണവരുമെല്ലാം മണ്ണിനടിയില്‍പ്പെട്ട വീടുകളില്‍ കാണാം.
രക്ഷാപ്രവര്‍ത്തനത്തിനിടെ കുട്ടികളടക്കം അഞ്ചും ആറും മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്നത് കണ്ടത് ഹൃദയഭേദകമായ കാഴ്ചയായിരുന്നു. ചൂരല്‍ മല ഉരുള്‍പൊട്ടല്‍ സംഭവിക്കുമ്പോള്‍ കുട്ടികളെക്കൂടാതെ മുണ്ടക്കൈയിലുണ്ടായിരുന്നത് 860 പേരാണ്. അതിഥിത്തൊഴിലാളികളും ടൂറിസ്റ്റുകളും വേറെയുണ്ടാവും. ചൂരല്‍മലയില്‍ സൈന്യം ബെയ്‌ലി പാലത്തിന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്.
പാലം പൂര്‍ത്തിയാകുന്നതോടെ മണ്ണുമാന്തി യന്ത്രമടക്കം ദുരന്തഭൂമിയിലെത്തും. പാലം പണി ഇന്നോടെ പൂര്‍ത്തിയാകുമെന്നാണ് വിവരം.നാല് സംഘങ്ങളായി 150 രക്ഷാപ്രവര്‍ത്തകരാണ് ഇന്നലെ രാവിലെ മുണ്ടക്കൈയിലെത്തിയത്. എന്നാല്‍ ജെ.സി.ബി. ഉള്‍പ്പെടെയുള്ള യന്ത്രങ്ങളും മറ്റു സാമഗ്രികളും എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ വിശദമായ പരിശോധന സാധ്യമായില്ല.