കൊച്ചി: വീട്ടിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ. എറണാകുളം കാക്കനാട് അത്താണി സ്വദേശിനിയായ 30 കാരിയാണ് വീട്ടിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. ബുധനാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം.
യുവതിക്ക് പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിക്കവേ വീട്ടിൽ തന്നെ കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. തുടർന്ന് വീട്ടുകാർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് അത്യാഹിത സന്ദേശം പൂത്രിക പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ കനിവ് 108 ആംബുലൻസിന് കൈമാറി. ഉടൻ ആംബുലൻസ് പൈലറ്റ് അനസ്. എ, എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ചെമ്പക കുട്ടി.
ബി എന്നിവർ സ്ഥലത്തെത്തി. തുടർന്ന് ചെമ്പക കുട്ടി അമ്മയും കുഞ്ഞുമായുള്ള പൊക്കിൾകൊടി ബന്ധം വേർപെടുത്തി ഇരുവർക്കും വേണ്ട പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. തുടർന്ന് ഇരുവരെയും ആംബുലൻസ് പൈലറ്റ് അനസ് കളമശ്ശേരി മെഡിക്കൽ കോളേജിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.