ധനവ്യവസായ നിക്ഷേപ തട്ടിപ്പ്; നിർണായക ഉത്തരവുമായി ജില്ലാ ഭരണകൂടം; ബഡ്സ് ആക്ട് പ്രകാരം സ്വത്തുക്കൾ കണ്ടുകെട്ടും

ധനവ്യവസായ നിക്ഷേപ തട്ടിപ്പ്; നിർണായക ഉത്തരവുമായി ജില്ലാ ഭരണകൂടം; ബഡ്സ് ആക്ട് പ്രകാരം സ്വത്തുക്കൾ കണ്ടുകെട്ടും


തൃശൂര്‍:തൃശൂരിലെ ധനവ്യവസായ ബാങ്കേഴ്സ് നിക്ഷേപ തട്ടിപ്പ് കേസിൽ ബഡ്സ് ആക്ട് പ്രകാരം സ്വത്തുകള്‍ കണ്ടുകെട്ടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു.സ്ഥാപനത്തിന്‍റെയും ഉടമകളുടെയും സ്ഥാവര സ്വത്തുകളുടെ മഹസ്സര്‍,ലൊക്കേഷന്‍ സ്‌കെച്ച്,തണ്ടപ്പേര്‍ പകര്‍പ്പ് എന്നിവയുള്‍പ്പെടെ റിപ്പോര്‍ട്ട് തഹസില്‍ദാര്‍മാര്‍ തയ്യാറാക്കും. ജില്ലാ രജിസ്ട്രാര്‍ പ്രതികളുടെ സ്ഥാവര സ്വത്തുകളുടെ തുടര്‍ന്നുള്ള വില്പന നടപടികള്‍ താല്‍ക്കാലികമായി മരവിപ്പിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ ബന്ധപ്പെട്ട എല്ലാ സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍ക്കും അടിയന്തരമായി നല്‍കും.

പ്രതികളുടെ പേരില്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മോട്ടോര്‍ വാഹനങ്ങളുടെയും പട്ടിക തൃശൂര്‍ റീജ്യണൽ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ തയ്യാറാക്കി കളക്ട്രേറ്റിലേക്കും ജില്ലാ പൊലീസ് മേധാവിക്കും കൈമാറും.പ്രതികളുടെ പേരില്‍ ജില്ലയിലെ ബാങ്കുകള്‍, ട്രഷറികള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ആരംഭിച്ച എല്ലാത്തരം അക്കൗണ്ടുകളും ഫിക്‌സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ എല്ലാ സ്ഥാപന മേധാവിമാരും അടിയന്തരമായി സ്വീകരിക്കാനും നിർദ്ദേശമുണ്ട്. 18 ശതമാനം പലിശ വാഗ്ദാനം ചെയ്ത് പാണഞ്ചേരി ജോയിയും കുടുംബാംഗങ്ങളും 30 കോടി തട്ടി എന്നായിരുന്നു പരാതി ഉയർന്നത്.