സുല്‍ത്താന്‍ബത്തേരി: സംസ്ഥാന അതിര്‍ത്തിയായ മുത്തങ്ങയില്‍ വന്‍ലഹരിമരുന്ന് വേട്ട. പാഴ്‌സല്‍ ലോറിയില്‍ സംസ്ഥാനത്തേക്ക് കടത്താന്‍ ശ്രമിച്ച ഒന്നേകാല്‍ കിലോയോളം എംഡിഎംഎയാണ് പൊലിസ് പിടികൂടിയത്. സംഭവത്തില്‍ ലോറി ഡ്രൈവര്‍ കോഴിക്കോട് കൈതപ്പൊയില്‍ പുതുപ്പാടി സ്വദേശി ഷംനാദ് (44) എന്നയാളെ അറസ്റ്റ് ചെയ്തു. ഡിഐജിയുടെ കീഴിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡും ജില്ലാ പൊലിസ് സൂപ്രണ്ടിന് കീഴിലുള്ള ഡാന്‍സാഫ് ടീമും ബത്തേരി പൊലിസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മാരക മയക്കുമരുന്നിന്റെ വന്‍ശേഖരം പിടികൂടിയത്.
ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച രാവിലെ മുത്തങ്ങ തകരപ്പാടിയിലെ പൊലീസ് ചെക്ക്‌പോസ്റ്റിന് സമീപം വാഹന പരിശോധന നടത്തുകയായിരുന്നു. ബംഗളൂരൂവില്‍ നിന്ന് കോഴിക്കോടിന് വരുകയായിരുന്ന ലോറിയില്‍ നിന്നാണ് 1.198 കിലോഗ്രാം രാസലഹരിയായ എംഡിഎംഎ കണ്ടെടുത്തത്. ലോറിയിലെ ക്യാബിനില്‍ സൗണ്ട് ബോക്‌സില്‍ കവറുകളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. പിടിയിലായ ഡ്രൈവര്‍ ഷംനാദ് എംഡിഎംഎ ഇവിടേക്ക് എത്തിക്കുന്ന ഇടനിലക്കാരനാണെന്നാണ് പൊലീസ് നിഗമനം. വിവരങ്ങള്‍ ചോദിച്ചറിഞ്ഞ പൊലീസ് ഇയാള്‍ക്കെതിരെ കേസെടുത്ത് അറസ്റ്റ് രേഖപെടുത്തി.
മുത്തങ്ങയില്‍ ഇതുവരെ പിടികൂടിയതില്‍ വെച്ച് ഏറ്റവും വലിയ രാസലഹരി വേട്ടയാണ് ഇതെന്ന് പൊലീസ് പറഞ്ഞു. എസ്ഐമാരായ സാബുചന്ദ്രന്‍, ഹരീഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എന്‍ വി ഗോപാലകൃഷ്ണന്‍, കെ എസ് അരുണ്‍ജിത്ത്, ലബ്‌നാസ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ പി എസ് നിയാദ്, കെ കെ അനില്‍, ഡോണിത് സജി എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.