മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന സ്‌ഥാപനമായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെ (സെബി) ചെയര്‍പഴ്‌സണ്‍ മാധബി ബുച്ചിനും അവരുടെ ഭര്‍ത്താവിനുമെതിരേ ഗുരുതര ആരോപണവുമായി യു.എസ്. ആസ്‌ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്. നേരത്തെ ഹിന്‍ഡന്‍ബര്‍ഗ് അദാനി ഗ്രൂപ്പിനെതിരേ ഉന്നയിച്ച ആരോപണം കോളിളക്കം സൃഷ്‌ടിച്ചിരുന്നു.
മാധബി പുരി ബുച്ചിന് അദാനി ഗ്രൂപ്പിന്റെ വിദേശ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്നാണു പുതിയ വെളിപ്പെടുത്തല്‍. നേരത്തെ തങ്ങള്‍ പുറത്തുവിട്ട അദാനി ഓഹരിത്തട്ടിപ്പില്‍ വിശദമായ അന്വേഷണത്തിന് സെബി തയാറാകാതിരുന്നത് ഈ ബന്ധം കാരണമാണെന്നും ഇന്നലെ രാത്രി പുറത്തുവിട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
അദാനിയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് വന്ന് 18 മാസത്തിന് ശേഷവും, ആരോപണത്തെക്കുറിച്ചു അന്വേഷിക്കാന്‍ സെബി 'ആശ്‌ചര്യകരമായ' താല്‍പര്യക്കുറവ് കാണിച്ചെന്നാണു പ്രധാന ആരോപണം. വര്‍ഷങ്ങളായി, നിക്കോള, ക്‌ളോവര്‍ ഹെല്‍ത്ത്, ബ്ലോക്ക് ഇന്‍കോര്‍പ്പറേഷന്‍, കാന്‍ഡി, ലോര്‍ഡ്‌സ്ടൗണ്‍ മോട്ടോഴ്‌സ് എന്നിവയുള്‍പ്പെടെ നിരവധി പ്രശസ്‌ത കമ്പനികളെ ഹിന്‍ഡന്‍ബര്‍ഗ് ലക്ഷ്യമിട്ടിട്ടുണ്ട്. കമ്പനിയുടെ റിപ്പോര്‍ട്ടുകള്‍ പലപ്പോഴും ടാര്‍ഗെറ്റുചെയ്‌ത കമ്പനികള്‍ക്ക് ഗണ്യമായ സാമ്പത്തിക നഷ്‌ടത്തിനും കാരണമായി.
2023ല്‍ അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് രാജ്യാന്തര തലത്തില്‍ ചര്‍ച്ചയായി. കമ്പനിയുടെ ഓഹരി വിലയില്‍ കൃത്രിമം നടത്താന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. എല്ലാ ആരോപണങ്ങളും കമ്പനി ശക്‌തമായി നിഷേധിച്ചെങ്കിലും, ലിസ്‌റ്റുചെയ്‌ത 10 സ്‌ഥാപനങ്ങളുടെ വിപണി മൂല്യത്തില്‍ 15000 കോടി ഡോളറിലധികം ഇടിവുണ്ടായി. ഈ തിരിച്ചടി മറികടക്കുന്നതിനിടെയാണു പുതിയ ആരോപണം.
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് ശേഷം, അന്വേഷണം പൂര്‍ത്തിയാക്കാനും വീഴ്‌ചകള്‍ പരിശോധിക്കാന്‍ പ്രത്യേക വിദഗ്‌ദ്ധ സമിതി രൂപീകരിക്കാന്‍ സുപ്രീം കോടതി സെബിയോട് ആവശ്യപ്പെട്ടിരുന്നു. സമിതി അദാനിയെക്കുറിച്ച് പ്രതികൂലമായ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ല, സെബി നടത്തുന്ന അന്വേഷണമല്ലാതെ മറ്റൊരു അന്വേഷണവും ആവശ്യമില്ലെന്ന് സുപ്രീം കോടതിയും വ്യക്‌തമാക്കിയിരുന്നു. ആരോപണത്തെക്കുറിച്ചു സെബി പ്രതിഷകരിച്ചിട്ടില്ല.
2017 ല്‍ നഥാന്‍ ആന്‍ഡേഴ്‌സണാണു ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് സ്‌ഥാപിച്ചത്. പ്രധാന കോര്‍പ്പറേഷനുകളെക്കുറിച്ചുള്ള സൂക്ഷ്‌മമായ അന്വേഷണങ്ങള്‍ക്ക് പ്രശസ്‌തമാണ് ഈ സ്‌ഥാപനം. കോര്‍പ്പറേറ്റ് തട്ടിപ്പും ദുരുപയോഗവും തുറന്നുകാട്ടുന്നതില്‍ കമ്പനി പ്രശസ്‌തി നേടിയിട്ടുണ്ട്. 1937 ലെ കുപ്രസിദ്ധമായ ഹിന്‍ഡന്‍ബര്‍ഗ് ദുരന്തത്തിന്റെ പേരില്‍ നാമകരണം ചെയ്യപ്പെട്ട ഈ സ്‌ഥാപനം കോര്‍പ്പറേറ്റ് തെറ്റുകളെ സമാനമായി ദുരന്തകരവും ഒഴിവാക്കാവുന്നതുമായാണു കാണുന്നത്. ഹിന്‍ഡന്‍ബര്‍ഗിന്റെ അന്വേഷണ പ്രക്രിയയില്‍ പൊതു രേഖകളും ആന്തരിക കോര്‍പ്പറേറ്റ് രേഖകളും പരിശോധിക്കുക, കമ്പനി ജീവനക്കാരുമായി അഭിമുഖങ്ങള്‍ നടത്തുക എന്നിവ ഉള്‍പ്പെടുന്നു. തുടര്‍ന്ന് കമ്പനി വിശദമായ ഒരു റിപ്പോര്‍ട്ട് തയാറാക്കുന്നു, അത് പങ്കാളികളുമായി പങ്കിടും.
റിപ്പോര്‍ട്ടിന്റെ പൊതു പ്രകാശനത്തെത്തുടര്‍ന്ന് ചില കമ്പനിയുടെ ഓഹരി വില കുത്തനെ കുറയും. അനുകൂല പരാമര്‍ശങ്ങളുടെ പേരില്‍ ചില കമ്പനികള്‍ നേട്ടം കൊയ്‌തിട്ടുമുണ്ട്.