ഉരുളെടുത്ത വീടുകൾ, വഴി, കെട്ടിടങ്ങൾ; ഞെട്ടിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ, വയനാട് ദുരന്തത്തിന് മുമ്പും ശേഷവും

ഉരുളെടുത്ത വീടുകൾ, വഴി, കെട്ടിടങ്ങൾ; ഞെട്ടിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ, വയനാട് ദുരന്തത്തിന് മുമ്പും ശേഷവും


കോഴിക്കോട്: വയനാട് ഉരുൾ പൊട്ടലിന് മുമ്പും ശേഷവും പ്രദേശം എങ്ങനെയെന്നതിന്റെ ഞെട്ടിക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവിട്ട് റോയിട്ടേഴ്സ്. ചൂരൽ മല മുതൽ താഴെ പുഞ്ചിരിമുട്ടവും മുണ്ടക്കൈയും വരെ എങ്ങനെയാണ് പൊട്ടിയൊലിച്ചെത്തിയ ഉരുൾ വിഴുങ്ങിയത് എന്നതിന്റെ ഭീകരമായ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ഉരുളിന്റെ ഉത്ഭവ സ്ഥലം മുതൽ ജനവാസമില്ലാത്ത മേഖലകളും, തുടര്‍ന്ന് തിങ്ങിനിറഞ്ഞ് വീടുകളുള്ള പുഞ്ചിരിമട്ടവും മുണ്ടക്കൈയും തുടച്ചെടുത്ത് പോയ ഉരുൾപൊട്ടലിന്റെ ഭീകരത വരച്ചിടുന്നതാണ് റോയിറ്റേഴ്സ് പുറത്തുവിട്ട ഉപഗ്രഹ ചിത്രം. 



അതേസമയം, വയനാട്ടിൽ ഉരുൾപൊട്ടലിൽ കാണാതായവരുടെ എണ്ണം  ഇപ്പോൾ കൃത്യമായി പറയാനാവാത്ത് അവസ്ഥയാണെന്ന് റ​വ​ന്യൂ വകുപ്പ് മന്ത്രി കെ രാജൻ വ്യക്തമാക്കി. മരിച്ചവരുടെ കണക്കുകൾ ഡിഎൻഎ പരിശോധനാഫലങ്ങൾ എത്തിയ ശേഷമാകും പ്രഖ്യാപിക്കാനാവുക.  211 മൃതശരീര ഭാഗങ്ങളും 231 മൃതശരീരങ്ങളും ഉൾപ്പെടെ 442 മൃതദേഹങ്ങളാണ് ഉരുൾപൊട്ടലിന് പിന്നാലെ കണ്ടെത്താനായത്. ഇതിൽ 20 മൃതദേഹങ്ങളും 2 മൃതദേഹഭാഗങ്ങളും ഉൾപ്പെടെ 22 മൃതദേഹങ്ങൾ ബന്ധുക്കൾ തിരിച്ചറിഞ്ഞതിന് പിന്നാലെ വിട്ടുനൽകിയിരുന്നു. 

220 മൃതദേഹങ്ങളാണ് ഡിഎൻഎ ടെസ്റ്റിന് വേണ്ടി നൽകിയത്. ഇതിൽ 52 മൃതദേഹഭാഗങ്ങളിൽ അസ്ഥിയിലടക്കം ഡിഎൻഎ പരിശോധന നടത്താനാവാത്ത സ്ഥിതിയാണുള്ളത്. ഇവ തിരിച്ചറിയണമെങ്കിൽ ഏതെങ്കിലും ഉന്നത സാങ്കേതിക വിദ്യ ഉപയോഗിക്കാനാവുമോയെന്ന് നോക്കേണ്ടി വരും. ശേഷിച്ച 194 മൃതദേഹഭാഗങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ശേഷിച്ച 155 സാംപിളിൽ നിന്നായി 54 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവയെല്ലാം ചേർത്താൽ  270 പേരാണ് ദുരന്തത്തിൽ മരിച്ചതായി കണക്കുകളുള്ളതെന്നും മന്ത്രി വിശദമാക്കുന്നു. 

പൂർണമായി വിവരം ലഭിക്കണമെങ്കിൽ മിസിംഗ് ആയിട്ടുള്ള 118 പേർ ഇതിൽ മൂന്ന് പേർ ബീഹാറിൽ നിന്നുള്ളവരാണ്. ഇവരുടെ ബന്ധുക്കൾ എത്താൻ ഇനിയും ദിവസങ്ങളെടുക്കും. ബാക്കി 115 പേരുടെ ബന്ധുക്കളിൽ നിന്നുള്ള രക്തസാംപിളുകൾ കൊടുത്തിട്ടുണ്ട്. ഇവയുടെ ക്രോസ് മാച്ചിംഗ് പൂർണമായാൽ മാത്രമേ കാണാതായിട്ടുള്ളവർ ആരൊക്കെയാണെന്ന് തിരിച്ചറിയാൻ സാധിക്കൂ. അത് കഴിഞ്ഞാലേ ഈ പട്ടികയ്ക്ക് പൂർണത വരൂവെന്നും റവന്യൂ വകുപ്പ് മന്ത്രി വിശദമാക്കി.