അസമിലേക്ക് തിരിച്ചുപോകുമെന്ന് കാണാതായ അസമീസ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍

അസമിലേക്ക് തിരിച്ചുപോകുമെന്ന് കാണാതായ അസമീസ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍


തിരുവനന്തപുരം: കുട്ടി വന്ന ശേഷം അസമിലേക്ക് തിരിച്ചുപോകുമെന്ന് മാതാപിതാക്കള്‍. കുഞ്ഞ് ആരോഗ്യവതിയായി തന്നെയിരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷമെന്നും കേരളത്തിലെ ആളുകളോടും പോലീസിനോടും നന്ദിയുണ്ടെന്നും കാണാതായ 13 കാരിയുടെ മാതാപിതാക്കള്‍ പറഞ്ഞു. കഴക്കൂട്ടത്ത് നിന്നും കാണാതായ പെണ്‍കുട്ടിയെ വിശാഖപട്ടണത്ത് നിന്നും 37 മണിക്കൂറിന് ശേഷമാണ് കണ്ടെത്തിയത്.

കാണാതായ കുട്ടിയെ തിരിച്ചു കിട്ടിയതില്‍ സന്തോഷമുണ്ടെന്ന് ട്രെയിനില്‍ നിന്ന് കുട്ടിയുടെ ചിത്രം പകര്‍ത്തിയ ബബിതയും പ്രതികരിച്ചു. കുട്ടി ഒറ്റയ്ക്കാണെന്നോ പിണങ്ങി വന്നതാണെന്നോ തോന്നിയില്ലെന്നും പറഞ്ഞു. കുട്ടിയെ കണ്ടപ്പോള്‍ ഫോട്ടോയെടുക്കാന്‍ തോന്നി. ചുമ്മാ വെറുതെ എടുത്തുവെച്ചേക്കാമെന്നാണ് കരുതിയെന്നും ബബിത പറഞ്ഞു.

കുട്ടിയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നത് അറിഞ്ഞില്ലായിരുന്നു എന്നും അന്ന് ഉറങ്ങിപ്പോയെന്നും പിന്നീട് രാത്രി മൂന്നുമണിയ്ക്ക് എണീറ്റപ്പോഴാണ് വാര്‍ത്ത കണ്ടതെന്നും പോലീസിന് ഫോട്ടോ അയച്ചുകൊടുത്തതെന്നും പറഞ്ഞു. എല്ലാം പെട്ടെന്നായിരുന്നു. എന്നാല്‍ ഫോട്ടോ അയച്ചു കൊടുത്തത് കേസില്‍ വഴിത്തിരിവാകുകയും പോലീസ് നടപടികള്‍ വേഗത്തിലാക്കുകയും ചെയ്തു.

ഇന്നലെ രാത്രി പത്തേകാലിനാണ് മലയാളി അസോസിയേഷന്‍ പ്രവര്‍ത്തകര്‍ താംബരം എക്‌സ്പ്രസില്‍ കുട്ടിയെ കണ്ടെത്തിയത്. ട്രെയിന് ഉള്ളിലെ ബെര്‍ത്തില്‍ ഉറങ്ങുന്ന നിലയിലായിരുന്നു പെണ്‍കുട്ടി. കുട്ടിയെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. വെദ്യപരിശോധന നടത്തിയതിന് ശേഷമായിരിക്കും കുട്ടിയെ കുടുംബത്തിന് കൈമാറുക. വിമാനാര്‍ഗം കുട്ടിയെ തിരുവനന്തപുരത്ത് എത്തിക്കാനാണ് പൊലീസ് നീക്കം. കുട്ടിയ്ക്ക് കൗണ്‍സലിംഗ് കൊടുക്കും.