ഉരുള്‍പൊട്ടിയതോടെ ജീവനുംകൊണ്ട് ഓടി, വീണത് ഒരു കിണറ്റില്‍: ആ കാളരാത്രിയുടെ നടുക്കത്തില്‍ വിജയന്‍
മഹാദുരന്തം പുഴയിലൂടെ ഒഴുകിയെത്തിയ ആ രാത്രി വിജയന്‍ രക്ഷപ്പെട്ടത് ഒന്നല്ല, രണ്ട് അപകടങ്ങളില്‍ നിന്നാണ്. ഉരുള്‍പൊട്ടിയത് അറിഞ്ഞ് രക്ഷപ്പെട്ട് ഓടുന്നതിനിടെ കിണറില്‍ വീണ വിജയനെ മകനും മറ്റുള്ളവരും സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. അന്നത്തെ ആ സംഭവങ്ങളെക്കുറിച്ച് ഒരു നെടുവീർപ്പോടെ ഓർക്കുകയാണ് മേപ്പാടി ഹയർസെക്കന്‍ഡറി സ്കൂളിലെ ക്യാമ്പില്‍ നിന്നും വിജയന്‍.
'ഞങ്ങള്‍ എട്ട് ആളുകളായിരുന്നു വീട്ടിലുണ്ടായിരുന്നത്. എട്ടുപേരും രക്ഷപ്പെട്ടു. ഒന്നന്നര മണിയാകുമ്പോള്‍ ഞാന്‍ എഴുന്നേറ്റു. പെണ്ണുങ്ങളേയും വിളിച്ചുണർത്തി പുഴയില്‍ നിന്നും എന്തോ ഒരു അപശബ്ദം കേള്‍ക്കുന്നുണ്ടല്ലോയെന്ന് പറഞ്ഞു. പാറയൊക്കെ കൂട്ടിയിടിക്കുന്ന ശബ്ദമാണ്. അതോടെ ഉരുള്‍പൊട്ടിയെന്ന് മനസ്സിലായി. അപ്പോഴേക്കും ഞങ്ങളുടെ വീടിന്റെ അവിടേക്ക് വെള്ളം വന്നു' വിജയന്‍ പറഞ്ഞു.
സെല്‍വി എന്ന് പറയുന്ന ഒരു സ്ത്രീ മുകളില്‍ നിന്നും ഒഴുകി വരികയായിരുന്നു. അവർക്ക് എന്തിലോ പിടി കിട്ടിയത് ഞങ്ങളുടെ വീടിന്റെ മുന്നില്‍ വെച്ചാണ്. അവർ 'അയ്യോ എന്റെ കുട്ടിപോയെ' എന്നും പറഞ്ഞുകൊണ്ട് നിലവിളിച്ചുകൊണ്ട് കതകില്‍ മുട്ടിയപ്പോഴാണ് ഞങ്ങളുടെ വീടിന്റെ അവിടേയും വെള്ളം കയറുന്നതായി മനസ്സിലാകുന്നത്. അവരെ ഉടന്‍ തന്നെ ഞങ്ങള്‍ പിടിച്ച് വീടിന്റെ അകത്തേക്ക് കയറ്റി.
ടോർച്ച് എടുത്ത് പുറത്തേക്ക് അടിച്ച് നോക്കുമ്പോള്‍ ഞങ്ങളുടെ കാപ്പിത്തൈയുടെ മുകളിലൂടെ മരവും മണ്ണുമൊക്കെ ഒഴുകിയെത്തുകയാണ്. അപ്പോഴേക്കും അപ്പുറത്തെ വീട്ടുകാരൊക്കെ വന്ന് വേഗം ഇവിടുന്ന് പോകാമെന്ന് പറഞ്ഞു. വീട്ടില്‍ അമ്മ കാലിന്റെ എല്ലുപൊട്ടി കിടക്കുകയാണ്. അമ്മയെ എന്റെ മകന്‍ എടുത്തു.
റോഡിലേക്ക് ഇറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. അപ്പോള്‍ വേറെ ഒരു വഴിയിലൂടെ മുകളിലേക്ക് പോകുകയാണ്അങ്ങനെ ഇരുട്ടത്ത് തപ്പിയും തടഞ്ഞും മുന്നോട്ട് പോയിക്കൊണ്ടിരിക്കേയാണ് ഞാന്‍ അപ്പുറത്തെ വീട്ടിലെ കിണറ്റില്‍ വീഴുന്നത്. ആ കിണറിന്റെ ആള്‍മറയൊക്കെ മലവെള്ളപ്പാച്ചിലില്‍ ഒലിച്ച് പോയിരുന്നു.
കഴുത്തോളം വെള്ളത്തില്‍ കിണറില്‍ നില്‍ക്കുന്ന എന്നെ മകന്‍ പിടിച്ച് കയറ്റുകയാണ്. അല്‍പമെങ്കിലും താമസിച്ചിരുന്നെങ്കില്‍ ഞാനും ഇന്ന് ബാക്കിയുണ്ടാകില്ലായിരുന്നു. അങ്ങനെ ഞങ്ങള്‍ ഒരിടത്ത് എത്തി തല്‍കാലം നിന്നു. അവിടേയും സുരക്ഷിതമല്ലെന്ന് മനസ്സിലായതോടെ വീണ്ടും മുകളിലേക്ക് പോയെന്നും രാജന്‍ പറയുന്നു.
പ്രായമായ അമ്മയേയും എടുത്തുകൊണ്ട് പോകുമ്പോള്‍ മകന്‍ പലതവണ വീണു. നടന്ന് നടന്ന് ഞങ്ങള്‍ സുര എന്നയാളുടെ വീട്ടില്‍ എത്തി. അവർ വസ്ത്രവും ചായയൊക്കെ തന്നു. അപ്പോഴാണ് രണ്ടാമത്തെ പൊട്ട് പൊട്ടുന്നത്. വന്‍ ശബ്ദമായിരുന്നു. അതോടെ അവിടുന്നും ഓടി ഏറ്റവും മുകളിലെത്തി. എല്ലാവരും ദൈവത്തോട് പ്രാർത്ഥിച്ച് ആ കാട്ടില്‍ ഒരേ നില്‍പ്പ് നിന്നു. അമ്മയൊക്കെ വിറയ്ക്കുകയാണ്, തോരാമഴയും. അമ്മയും ഞങ്ങളുമൊക്കെ വന്‍ കരച്ചിലായിരുന്നു. നേരം വെളുക്കും വരെ അവിടെ നിന്നു. പിന്നീട് എങ്ങനെയൊക്കെയോ ഇറങ്ങിയാണ് താഴെ എത്തുന്നതെന്നും രാജന്‍ കൂട്ടിച്ചേർത്തു.