ഏകീകൃത പെൻഷൻ പദ്ധതിയുമായി കേന്ദ്രം

ഏകീകൃത പെൻഷൻ പദ്ധതിയുമായി കേന്ദ്രം


ന്യൂഡൽഹി > പഴയ പെൻഷൻ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്ത് പ്രതിഷേധം ശക്തമായതിന് പിന്നാലെ പുതിയ ഏകീകൃത പെൻഷൻ പദ്ധതിക്ക് (യുപിഎസ്) കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നല്കി. 2025 ഏപ്രിൽ ഒന്ന് മുതൽ നിലവിൽ വരും. കേന്ദ്രജീവനക്കാർക്ക് നിലവിലുള്ള ദേശീയ പെൻഷൻ പദ്ധതി (എൻപിഎസ്) അല്ലെങ്കിൽ യുപിഎസ് തിരഞ്ഞെടുക്കാം. എൻപിഎസ് അംഗങ്ങൾക്ക് യുപിഎസിലേക്ക് മാറാം. എൻപിഎസ് നിലവിലുള്ള സംസ്ഥാനങ്ങൾക്കും ആവശ്യമെങ്കിൽ യുപിഎസിലേക്ക് മാറാം. പദ്ധതി 23 ലക്ഷം കേന്ദ്രജീവനക്കാർക്ക് ഗുണംചെയ്യുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

● 25 വർഷമെങ്കിലും സർവീസുള്ള ജീവനക്കാർ വിരമിക്കുമ്പോൾ അവസാന 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനം പെൻഷൻ നൽകും. 10 വർഷത്തിന് മുകളിൽ സർവീസുള്ളവർക്ക് ആനുപാതികമായ തോതിൽ പെൻഷൻ.
● ജീവനക്കാർ മരിച്ചാൽ പെൻഷന്റെ 60 ശതമാനം കുടുംബ പെൻഷൻ.
● മിനിമം 10 വർഷം സർവീസുള്ളവർക്ക് ചുരുങ്ങിയത് 10,000 രൂപ പെൻഷൻ.
● ഉപഭോക്തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള ക്ഷാമബത്ത വ്യവസായ തൊഴിലാളികൾക്കും ലഭ്യമാക്കും.
● ജീവനക്കാർ വിരമിക്കുന്ന ഘട്ടത്തിൽ ഗ്രാറ്റുവിറ്റിക്ക് പുറമേ നിശ്ചിതതുക കൂടി ലഭിക്കും. പൂർത്തിയാക്കിയ ഒരോ ആറുമാസ സേവനകാലയളവിനും, അവസാനം വാങ്ങിയ ശമ്പളത്തിന്റെ പത്തിൽ ഒന്നെന്ന തോതിലാകും ഈ നിശ്ചിതതുക നിർണയിക്കുന്നത്.

അതേസമയം, പുതിയ പെൻഷൻ പദ്ധതി പ്രകാരം സർക്കാർ വിഹിതം 14 ശതമാനമായിരുന്നത് യുപിഎസിൽ 18 ശതമാനമാക്കി വർധിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്. ജീവനക്കാരില്നിന്ന് പത്തുശതമാനം പെന്ഷന് വിഹിതം പിടിക്കുന്നത് തുടരും.
രണ്ടാം യുപിഎ സർക്കാരിന്റെ കാലത്ത് 2004 ജനുവരി മുതലാണ് രാജ്യത്തെ ലക്ഷകണക്കിന് കേന്ദ്ര, സംസ്ഥാന ജീവനക്കാരെ ദുരിതത്തിലാക്കി പുതിയ പെൻഷൻ പദ്ധതി നടപ്പാക്കിയത്. എന്നാൽ പഴയപെൻഷൻ പദ്ധതി നടപ്പാക്കുകയാണ് വേണ്ടതെന്ന് സംഘടനകൾ ആവശ്യപ്പെട്ടു.