കേരളത്തിലും സമരത്തിന് ഡോക്ടർമാർ; നാളെ സൂചന സമരം നടത്തും, വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കും

കേരളത്തിലും സമരത്തിന് ഡോക്ടർമാർ; നാളെ സൂചന സമരം നടത്തും, വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കും


കൊൽക്കത്തയിലെ ട്രെയിനി ഡോക്‌ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരളത്തിലും ഡോക്ടർമാർ സമരം നടത്തും. പി.ജി. ഡോക്ട‌ർമാരും സീനിയർ റസിഡൻ്റ് ഡോക്‌ടർമാരും നാളെ സൂചന സമരം നടത്തും. ജോയിന്റ് ആക്ഷൻ ഫോറത്തിന്റെ ഭാഗമായാണ് കേരളത്തിൽ കെഎംപിജിഎ സമരം പ്രഖ്യാപിച്ചത്.

അത്യാഹിത വിഭാഗങ്ങളെ ഒഴിവാക്കി, സെൻട്രൽ പ്രൊട്ടക്ഷൻ ആക്‌ട് നടപ്പാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. സമരസൂചകമായി നാളെ ഒ.പിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്‌കരിക്കാനും തീരുമാനമായി. ഉത്തരവാദിത്തപ്പെട്ട ഉദ്യോഗസ്ഥരെ പുറത്താക്കണം, യുവ ഡോക്ടറുടെ കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും 48 മണിക്കൂറിനകം പിടികൂടണമെന്നുമാണ് ഇവർ ഉയർത്തുന്ന ആവശ്യം. അതേസമയം, അത്യാഹിത വിഭാഗങ്ങളിൽ സേവനം ഉണ്ടാകും.

പ്രതിഷേധ സൂചകമായി കെജിഎംഒഎ നാളെ കരിദിനമായി ആചരിക്കും. ശ്രീചിത്ര മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്റ് ഡോക്ടർമാരും നാളെ സമരത്തിൻ്റെ ഭാഗമാകും. ഇതിനോടനുബന്ധിച്ച് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെജിഎംഒഎ അറിയിച്ചു. അക്രമത്തെ അപലപിച്ച് ഐഎംഎയും രം​ഗത്തെത്തി. അധികൃതരുടെ ആവ‍‍ർത്തിച്ചുള്ള അനാസ്ഥ കാരണമാണ് അക്രമമുണ്ടായത്. അടിയന്തര യോ​ഗം ചേർന്ന് ഐഎംഎ തുടർ സമര പരിപാടികൾ പ്രഖ്യാപിക്കുമെന്നും അറിയിച്ചിട്ടുണ്ട്.