നജീബ് കാന്തപുരത്തിന് ആശ്വാസം: തിരഞ്ഞെടുപ്പ് വിജയം ശരിവെച്ച് ഹൈക്കോടതി; ഇടതുപക്ഷത്തിന് തിരിച്ചടി
കൊച്ചി: പെരിന്തൽമണ്ണ മണ്ഡലത്തിലെ മുസ്ലിം ലീഗ് സ്ഥാനാർഥിയായിരുന്ന നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പുവിജയം ഹൈക്കോടതി ശരിവെച്ചു. വിജയം ചോദ്യംചെയ്ത് ഇടത് സ്ഥാനാർഥിയായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫ നൽകിയ തിരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സി.എസ്. സുധയാണ് ഹർജി പരിഗണിച്ചത്.
നജീബ് കാന്തപുരം 38 വോട്ടുകൾക്കാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ പെരിന്തൽമണ്ണയിൽ ജയിച്ചത്. നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് മുസ്തഫ ഹർജി നൽകിയത്.
348 തപാൽ വോട്ടുകൾ എണ്ണാതെ മാറ്റിവെച്ചെന്നും ഇത് തിരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചെന്നുമായിരുന്നു ഹർജിയിലെ വാദം. തപാൽ വോട്ടുകളിൽ 300-ൽ കുറയാത്ത വോട്ടുകൾ തനിക്ക് ലഭിച്ചെന്നും ഹർജിക്കാരൻ വാദിച്ചിരുന്നു.