തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം ; ഒരാള്‍ മരണമടഞ്ഞു, രണ്ടുപേര്‍ ചികിത്സയില്‍

തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം ; ഒരാള്‍ മരണമടഞ്ഞു, രണ്ടുപേര്‍ ചികിത്സയില്‍


തിരുവനന്തപുരം: കോഴിക്കോടിന് പിന്നാലെ തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരം പിടിപെട്ട് മരണമെന്ന് സംശയം. പനിബാധിച്ച് ചികിത്സയില്‍ കഴിയുന്ന രണ്ടുപേരുടെ കാര്യത്തിലും സംശയം ഉയര്‍ന്നിട്ടുണ്ട്. ​തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ടു രോഗികളുടെ കാര്യത്തിലാണ് ഈ സംശയം. നേരത്തേ നെയ്യാറ്റിൻകര കണ്ണറവിളയിൽ മരിച്ച യുവാവ് മരിച്ചത് രോഗം മൂലമാണെന്ന് സംശയിക്കുന്നു.

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചെന്നു സംശയിക്കുന്ന നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളായ രണ്ടുപേരുടെയും രക്തസാമ്പിളുകൾ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. യുവാക്കൾ നിലവിൽ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം 23ന് കണ്ണറവിള, അനുലാൽ ഭവനിൽ അഖിൽ(27) ആണ് മരിച്ചത്. കണ്ണറവിളയ്ക്കു സമീപത്തെ കാവിൻ കുളത്തിലാണ് മരിച്ച അഖിൽ കുളിച്ചത്.

അഖിലിന് മസ്തിഷ്‌ക ജ്വരമാണെന്നാണ് ആരോഗ്യവകുപ്പ് സംശയിച്ചിരുന്നു. ഇതിനെ തുടർന്നാണ് സമാന രോഗലക്ഷണങ്ങളുമായി യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടിയത്. അഖില്‍ കുളിച്ചെന്ന് സംശയിക്കുന്ന കാവിന്‍കുളത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ കുളിക്കുന്നതും ഉപ​യോഗിക്കുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നോട്ടീസ് പതിക്കുകയും കുളം നെറ്റ് കെട്ടി മറയ്ക്കുകയും ചെയ്തു. വെൺപകൽ സിഎച്ച്സിയിൽ എത്തിച്ച രണ്ടു യുവാക്കള്‍ ഈ കുളത്തിൽ നേരത്തെയോ, അതിനു ശേഷമോ കുളിച്ചിട്ടുണ്ടാവുമെന്നാണ് ആരോഗ്യവകുപ്പ് സംശയിക്കുന്നത്.