കൊൽക്കത്ത> ആർജി കർ സർക്കാർ മെഡിക്കൽ കോളേജിൽ ജൂനിയർ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ സുപ്രീംകോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ച് ചൊവ്വാഴ്ച കേസ് പരിഗണിക്കും.
ആഗസ്ത് ഒമ്പതിന് പുലർച്ചെയാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. ആർ ജി കർ മെഡിക്കൽ കോളേജിലെ നെഞ്ചുരോഗ വിഭാഗത്തിൽ പി ജി ട്രെയിനിയായ 31 കാരി വനിതാ ഡോക്ടറെയാണ് ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയത്. കോളേജിലെ സെമിനാർ ഹാളിനുള്ളിൽ അർധനഗ്നമായ നിലയിലായിരുന്നു വനിതാ ഡോക്ടറുടെ മൃതദേഹം. ശരീരമാസകലം മുറിവേറ്റിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ക്രൂരമായ ലൈംഗികപീഡനവും സ്ഥിരീകരിച്ചതോടെ സംഭവത്തിൽ വൻ പ്രതിഷേധമാണുയർന്നത്.
ഇതിനുപിന്നാലെ പ്രതിയായ പോലീസിന്റെ സിവിക് വൊളണ്ടിയർ സഞ്ജയ് റോയ് പോലീസിന്റെ പിടിയിലായി. എന്നാൽ ബലാത്സംഗത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ട് എന്നാണ് വിദ്യാർത്ഥികളും ഡോക്ടറുടെ ബന്ധുക്കളും ആരോപിക്കുന്നത്. മരണം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ തുടക്കത്തിൽ ശ്രമമുണ്ടായതും ഇതിന് തെളിവായി അവർ ഉന്നയിക്കുന്നു.
ബംഗാളിലെ ഡോക്ടറുടെ കൊലപാതകം: സുപ്രീംകോടതി സ്വമേധയാ കേസെടുത്തു
ബംഗാളിലെ ഡോക്ടറുടെ കൊലപാതകം: സുപ്രീംകോടതി സ്വമേധയാ കേസെടുത്തു