മണ്ണിനടിയിൽ ജീവന്റെ തുടിപ്പ്; മുണ്ടക്കൈയിൽ റഡാര്‍ പരിശോധനയില്‍ ജീവസാന്നിധ്യം

മണ്ണിനടിയിൽ ജീവന്റെ തുടിപ്പ്; മുണ്ടക്കൈയിൽ റഡാര്‍ പരിശോധനയില്‍ ജീവസാന്നിധ്യം




മേപ്പാട്: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ നാലാം ദിനവും രക്ഷാദൗത്യം തുടരുകയാണ്. എവിടെയെങ്കിലും ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുണ്ടോയെന്ന പരിശോധനയിലാണ് രക്ഷാപ്രവര്‍ത്തകര്‍. പരിശോധനയ്‌ക്കിടെ മുണ്ടക്കൈയില്‍ നിന്ന് പ്രതീക്ഷയുണര്‍ത്തുന്ന ഒരു സിഗ്‌നല്‍ റഡാറില്‍ ലഭിച്ചു.

അത്യാധുനിക തെർമൽ ഇമേജ് റഡാർ അഥവാ ഹ്യൂമൻ റെസ്‌ക്യൂ റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഒരിടത്ത് സിഗ്നൽ ലഭിച്ചത്. കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവന്റെ ഒരു കണികയെങ്കിലുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും. ഇതനുസരിച്ച് സിഗ്നൽ ലഭിച്ച സ്ഥലത്ത് ഇപ്പോൾ ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന തുടരുകയാണ്.

ഒരു കടയിരുന്ന സ്ഥലത്താണ് സിഗ്നൽ കാണിച്ചത്. ഇതനുസരിച്ച് കട തകർന്ന ഭാഗത്ത് മണ്ണ് മൂടിയ സ്ഥലത്ത് കോൺക്രീറ്റ് ഭാഗങ്ങൾ മാറ്റിയാണ് പരിശോധന നടത്തുന്നത്. കടയുടെ താഴെ ഭൂമിക്കടിയിൽ ഒരു മുറിയുണ്ടായിരുന്നെന്നും അത് സ്റ്റോർ റൂം ആയിരുന്നു എന്നുമാണ് പ്രദേശവാസികളിൽ നിന്നു ലഭിച്ച വിവരം. സിഗ്നൽ പ്രകാരം ഈ അണ്ടർഗ്രൗണ്ട് മുറിയിൽ ഒരാൾ കുടുങ്ങിക്കിടക്കുന്നു എന്ന നിഗമനത്തിലാണ് ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധിക്കുന്നതെന്ന് റഡാറുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു.