മാവേലിക്കര: മാവേലിക്കര ഭദ്രാസനത്തിന് കീഴിലുള്ള മുതുപിലാക്കാട് സെന്റ് തോമസ് മലങ്കര കത്തോലിക്ക ദേവാലയത്തിൽ ഞായറാഴ്ചകളിൽ വിശുദ്ധ കുർബാനയോടനുബന്ധിച്ച് മുഴക്കുന്ന ദേവാലയമണിക്ക് വിലക്ക് ഏർപ്പെടുത്തിയ പോലീസ് ഉത്തരവിനെതിരേ പ്രതിഷേധം ശക്തമാവുന്നു.
ശാസ്താംകോട്ട ഡിവൈഎസ്പി നൽകിയ ഉത്തരവ് പ്രതിഷേധാർഹമാണെന്നും അടിയന്തരമായി ഉത്തരവ് പിൻവലിക്കണമെന്നും എംസിഎ സഭാതല സമിതി ആവശ്യപ്പെട്ടു.
ഉത്തരവ് ഇന്ത്യൻ ഭരണഘടന ഉറപ്പു നൽകുന്ന ആരാധനാ സ്വാതന്ത്ര്യത്തിന് എതിരാണെന്നും പ്രസ്തുത ഉത്തരവ് പിൻവലിക്കാത്ത പക്ഷം നിയമനടപടിക്കൊപ്പം പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും എം സി എ സഭാ തല സമിതി യോഗം വ്യക്തമാക്കി.
ബിഷപ് ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് യോഗം ഉദ്ഘാടനം ചെയ്തു. എംസിഎ സഭാതല പ്രസിഡന്റ് അഡ്വ. ഏബ്രഹാം പട്യാനി അധ്യക്ഷത വഹിച്ചു. ഭദ്രാസന പ്രോക്യുറേറ്റർ ഫാ. റോബർട്ട് പാലവിളയിൽ, ഫാ. മാത്യുസ് കുഴിവിള, ഫാ. സിൽവസ്റ്റർ തെക്കടത്ത്, ധർമ്മരാജ് മാർത്താണ്ഡം, അഡ്വ. അനിൽ ബാബു, ജോർജുകുട്ടി പുത്തൂർ, സഞ്ജീവ് മാരൂർ, പി.ജെ. ആന്റണി, കുര്യൻ ചാക്കോ കോട്ടപ്പുറം, കോശി പാറതുണ്ടിൽ, വില്യംസ് മത്തായി എന്നിവർ പ്രസംഗിച്ചു.