ഡിവൈഎഫ്‌ഐയുടെ ‘നമ്മള്‍ വയനാട്’ ക്യാംപെയ്‌നെതിരെ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തില്‍ വ്യാജ വാര്‍ത്ത നിര്‍മിച്ച് പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന പൊലീസ് മേധാവിയ്ക്ക് പരാതി നല്‍കി. സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളുടേതെന്ന പേരിലുള്ള വ്യാജ പ്രസ്താവന ഏഷ്യാനെറ്റ് ന്യൂസിന്റെ ലോഗോ ഉപയോഗിച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് ഡിവൈഎഫ്‌ഐ ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടുള്ളത്. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ‘നമ്മള്‍ വയനാട്’ ക്യാംപെയ്‌നിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ ‘പോര്‍ക്ക് ഫെസ്റ്റിവല്‍’ സംഘടിപ്പിച്ചെന്നും ഇതിനെതിരെ ജിഫ്രി മുത്തുക്കോയ തങ്ങള്‍ രൂക്ഷമായി പ്രതികരിച്ചു എന്ന തരത്തിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരണം നടത്തുന്നത്.
ALSO READ: അത് ജസ്നയോ? ലോഡ്ജ് ജീവനക്കാരിയുടെ വെളിപ്പെടുത്തൽ നിർണായകമാകുന്നു
‘ഡിവൈഎഫ്‌ഐ ദുരന്തബാധിതര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുന്നതിനായല്ല ഇത്തരം ക്യാംപെയ്‌നുകള്‍ സംഘടിപ്പിക്കുന്നതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു എന്ന് അവകാശപ്പെടുന്ന പോസ്റ്റര്‍ തികച്ചും അവാസ്തവവും വ്യാജവുമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ പരാതിയില്‍ വ്യക്തമാക്കി. ‘അബ്ദുല്‍ റസാഖ് തിരൂര്‍’ എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നാണ് ആദ്യമായി ഇത്തരമൊരു വ്യാജ വാര്‍ത്താ സൃഷ്ടി നടന്നിട്ടുള്ളത്. സമൂഹത്തിലുള്ള മതസൗഹാര്‍ദ്ദ അന്തരീക്ഷം തകര്‍ക്കുന്നതിനും ജനങ്ങളെ ഭിന്നിപ്പിച്ച് സമൂഹത്തില്‍ കലാപം സൃഷ്ടിക്കുന്നതിനായുള്ള മനപൂര്‍വമായ ശ്രമമാണ് ഇതെന്നും ഡിവൈഎഫ്‌ഐ പരാതിയില്‍ ആരോപിച്ചു. സമൂഹത്തിലെ സമാധാനാന്തരീക്ഷം തകര്‍ക്കുന്നത് ലക്ഷ്യം വെച്ചുള്ള ഇത്തരം നീക്കം ഒരു ക്രിമിനല്‍ കുറ്റമായി കണക്കാക്കി, ജാമ്യമില്ലാ വകുപ്പ് പ്രകാരം സംഭവത്തിലെ പ്രതികള്‍ക്കെതിരെ ശക്തമായ നടപടി പൊലീസ് സ്വീകരിക്കണം എന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പരാതിയില്‍ ആവശ്യപ്പെട്ടു.