നാളെ 15 വര്‍ഷം പൂര്‍ത്തീയാകുന്ന ബസുകളുടെ സര്‍വീസ് കാലാവധി നീട്ടി സര്‍ക്കാര്‍

.



നാളെ 15 വര്‍ഷം പൂര്‍ത്തീയാകുന്ന ബസുകളുടെ സര്‍വീസ് കാലാവധി നീട്ടി സര്‍ക്കാര്‍




കെ എസ് ആര്‍ ടി സി ബസുകളുടെ സര്‍വീസ് കാലാവധി നീട്ടി സംസ്ഥാന സര്‍ക്കാര്‍. സര്‍വീസ് കാലാവധി നീട്ടിയിരിക്കുന്നത് നാളെ 15 വര്‍ഷം പൂര്‍ത്തിയാകുന്ന ബസുകളുടെയാണ്.സര്‍ക്കാരിന്റെ നിര്‍ണായക തീരുമാനത്തിലൂടെ 15വര്‍ഷം തികയുന്ന ബസുകള്‍ക്ക് നിരത്തില്‍ സര്‍വീസ് തുടരാനാകും. അതേസമയം, കേന്ദ്ര ഗതാഗത നിയമം നിലനില്‍ക്കെ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം തിരിച്ചടിയാകുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കാലാവധി നീട്ടലില്‍ കേന്ദ്രത്തിന്റെ അന്തിമ തീരുമാനവും നിര്‍ണായകമാകും.


1117 ബസുകളുടെ കാലാവധി രണ്ടു വര്‍ഷത്തേക്ക് കൂടിയാണ് നീട്ടി നല്‍കിയത്. കാലാവധി പൂര്‍ത്തിയാകുന്ന കെഎസ്ആര്‍ടിസി ബസുകള്‍ പിന്‍വലിച്ചാലുണ്ടാകുന്ന യാത്രാക്ലേശം പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടിയെന്നാണ് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. ഇത് പുതിയ നിയമ കുരുക്കിനിടയാക്കുമോയെന്ന ആശങ്കയാണ് നിലനില്‍ക്കുന്നത്. എന്നാല്‍, കാലാവധി നീട്ടുന്നതില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണെന്നാണ് ഗതാഗത വകുപ്പ് പറയുന്നത്. കാലാവധി നീട്ടണം എന്നാവശ്യപ്പെട്ടു മന്ത്രി ഗണേഷ് കുമാര്‍, കേന്ദ്ര മന്ത്രി നിധിന്‍ ഗഡ്ഗരിക്ക് രണ്ടാഴ്ച മുന്‍പ് കത്ത് നല്‍കിയിരുന്നു. ഒരു മറുപടിയും ഇല്ലാത്തത്തിനെ തുടര്‍ന്നാണ് സര്‍ക്കാരിന്റെ നടപടി.