മധുരൈ: മൂന്ന് വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അയൽവാസിയായ മദ്ധ്യവയസ്കയെ അറസ്റ്റ് ചെയ്തു. തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിലുള്ള അതുകുറിച്ചിയിലാണ് നടുക്കുന്ന സംഭവം ഉണ്ടായത്. വിശദമായ അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.
മൂന്ന് വയസുകാരന്റെ അമ്മ രമ്യ, തിങ്കളാഴ്ച രാവിലെ കുട്ടിയെ അംഗൻവാടിയിൽ വിടാൻ തയ്യാറെടുക്കുന്നതിനിടെ കുട്ടി വീടിന് പുറത്ത് കളിക്കുകയായിരുന്നു. അൽപ സമയം കഴിഞ്ഞ് നോക്കിയപ്പോൾ മകനെ കാണാനില്ലെന്ന് മനസിലാക്കി പരിസരത്താകെ അന്വേഷിച്ചു. നിർമാണ തൊഴിലാളിയായ അച്ഛൻ വിഘ്നേഷും കൂടി വീടിന് സമീപത്ത് എല്ലായിടത്തും പോയി നോക്കിയെങ്കിലും കണ്ടെത്താനാവാതെ വന്നപ്പോഴാണ് രാധാപുരം പൊലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചത്.
പൊലീസ് സ്ഥലത്തെത്തിയപ്പോൾ അയൽവാസിയായ തങ്കമ്മാൾ എന്ന സ്ത്രീയെ സംശയമുണ്ടെന്ന് വിഘ്നേഷ് പൊലീസുകാരോട് പറഞ്ഞു. തങ്കമ്മാളുമായി ഇവരുടെ കുടുംബത്തിന് നല്ല ബന്ധമല്ല ഉണ്ടായിരുന്നത്. തുടർന്നാണ് പൊലീസ് സംഘം ഇവരുടെ വീട്ടിൽ പരിശോധന നടത്തിയത്. ഒടുവിൽ ചാക്കിൽ കെട്ടിയ നിലയിൽ കുട്ടിയുടെ മൃതദേഹം വീട്ടിലെ വാഷിങ് മെഷീനുള്ളിൽ പൊലീസുകാർ കണ്ടെത്തുകയായികുന്നു. കന്യാകുമാരി ജില്ലയിലെ ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളേജിലേക്ക് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
ജില്ലാ പൊലീസ് മേധാവിയും ഡിഎസ്പിയും ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പിന്നാലെ സ്ഥലത്തെത്തി. തങ്കമ്മാളിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. തങ്കമ്മാളിന്റെ മകൻ നേരത്തെ വാഹനാപകടത്തിൽ മരണപ്പെട്ടിരുന്നു. ഈ മരണത്തിന് കാരണക്കാരൻ വിഘ്നേഷാണെന്ന് ഇവർ കുറ്റപ്പെടുത്തുമായിരുന്നു. ഇതാണ് അവരുമായുള്ള വിദ്വേഷത്തിന് കാരണമെന്നാണ് പറയപ്പെടുന്നത്. മകന്റെ മരണത്തിന് ശേഷം തങ്കമ്മാളിന്റെ മാനസിക നില താളം തെറ്റിയതായും പ്രദേശവാസികൾ ഉദ്യോഗസ്ഥരോട് പറഞ്ഞു.