അമിത വേഗത്തിൽ സഞ്ചരിച്ച ബൊലേറോ നിയന്ത്രണം വിട്ട് ഇടിച്ചുകയറി; അ‌ഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്


 

അമിത വേഗത്തിൽ സഞ്ചരിച്ച ബൊലേറോ നിയന്ത്രണം വിട്ട് ഇടിച്ചുകയറി; അ‌ഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് 6 പേർക്ക് പരിക്ക്


അരൂർ: എരമല്ലൂരിൽ അഞ്ച് വാഹനങ്ങൾ കൂട്ടിയിടിച്ച് ആറ് പേർക്ക് പരിക്ക്. ഓട്ടോറിക്ഷാ ഡ്രൈവർമാരായ എരമല്ലൂർ പാലത്തറ ഷിബു (40), കുത്തിയതോട് ചെമ്പടി പറമ്പ് ഷൺമുഖദാസ് (41), ബുള്ളറ്റ് യാത്രികരായ എരമല്ലൂർ സ്വദേശികളായ കണ്ടത്തി പറമ്പിൽ മനോജ് (34), പുലിത്തുത്ത് ലക്ഷം വീട്ടിൽ അമ്പരീഷ് (42), കാൽനട യാത്രക്കാരിയായ കോടംതുരുത്ത് പുതുവൻ നികർത്ത് സലീല (57), ഉയരപാത നിർമ്മാണ കമ്പനിയായ അശോകാ ബിൽഡ് കോൺ ജീവനക്കാരനായ ആരിഫ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

കൂടുതൽ ചികിത്സക്കായി ഷിബുവിനെ എറണാകുളത്തെ സ്വകാര്യ ആശുപതിയിലേക്ക് മാറ്റി. എരമല്ലൂർ ജംങ്ഷന് തെക്കുഭാഗത്ത് കുടപുറം റോഡിന് സമീപം വ്യാഴാഴ്ച വൈകുന്നേരം മുന്ന് മണിയോടെയായിരുന്നു അപകടം. അമിത വേഗതയിൽ എറണാകുളത്ത് നിന്ന് വയലാറിലേക്ക് പോകുകയായിരുന്ന ബൊലേറോ വാൻ ആദ്യം ഒരു ഓട്ടോറിക്ഷയിലും പിന്നീട് കാറിലും ഇടിച്ചു. നിയന്ത്രണം തെറ്റിയ കാർ, ബുള്ളറ്റ് മോട്ടോർ സൈക്കിളിലും ഓട്ടോറിക്ഷയിലും ഇടിച്ചാണ് നിന്നത്. 

ആദ്യം ഇടിച്ച ഓട്ടോറിക്ഷ കുടപുറം റോഡിൽ യാത്രക്കാരെ ഇറക്കി തിരിച്ച് ദേശീയപാതയിൽ എത്തിയപ്പോഴാണ് അപകടം നടന്നത്. രണ്ടാമത്തെ ഓട്ടോറിക്ഷ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിന്റെ ഇടയിൽപെട്ടാണ് കാൽനട യാത്രക്കാരി സലീലക്ക് പരിക്കേറ്റത്. ഉയരപാത നിർമാണ കമ്പിനിയായ അശോകാ ബിൽഡ് കോൺ ജീവനക്കാരനായ ആരിഫിന് ഈ പ്രദേശത്ത് ഡ്യൂട്ടിക്ക് നിൽക്കുമ്പോഴാണ് അപകടം സംഭവിച്ചത്. അദ്ദേഹത്തിനും പരിക്കേറ്റു.