ഹൂതികൾക്ക് സൂപ്പർസോണിക് മിസൈലുകൾ നൽകാൻ റഷ്യ; ആയുധ ഇടപാടിൽ ഇടനിലക്കാരായി ഇറാൻ
തെഹ്റാൻ/മോസ്കോ: യമനിലെ വിമത സായുധസംഘമായ ഹൂതികൾക്ക് അത്യാധുനിക മിസൈലുകൾ നൽകാൻ റഷ്യ. കപ്പൽവേധ മിസൈലുകളാണ് ഹൂതികൾക്കു നൽകുന്നത്. ഇറാൻ ഇടനിലക്കാരായാണ്ആയുധ ഇടപാടുമായി ബന്ധപ്പെട്ട് റഷ്യയുമായി രഹസ്യ ചർച്ച നടത്തുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു ഇറാൻ മാധ്യമങ്ങളും ഇക്കാര്യം
സ്ഥിരീകരിച്ചിട്ടുണ്ട്.
പി-800 ഓനിക്സ് എന്നും വിളിപ്പേരുള്ള സോവിയറ്റ് നിർമിത സൂപ്പർസോണിക് മിസൈലുകളായ യാക്കോന്റ് ആണ് ഹൂതികൾ സ്വന്തമാക്കാനൊരുങ്ങുന്നത്. മാരക പ്രഹരശേഷിയുള്ള മിസൈലാണിത്. ചെങ്കടലിൽ ചരക്കുകപ്പലുകൾക്കുനേരെ ഹൂതികൾ നടത്തുന്ന ആക്രമണങ്ങൾക്കു കൂടുതൽ കരുത്തു പകരുന്നതാകും പുതിയ ആയുധ ഇടപാട്. ഗസ്സ ആക്രമണത്തിനുതിരിച്ചടിയായാണ് ഇസ്രായേൽ കപ്പലുകളെയും ഇസ്രായേലിലേക്കുള്ള ചരക്കുകപ്പലുകളെയും ലക്ഷ്യമിട്ട് ഹൂതികൾ ആക്രമണം ആരംഭിച്ചത്.
ഹൂതികൾക്കുള്ള മിസൈൽ ഇടപാടുമായി ബന്ധപ്പെട്ട് റഷ്യ അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ലെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ, കഴിഞ്ഞ ജൂലൈയിൽ തന്നെ ഹൂതികൾക്ക് മിസൈൽ നൽകാൻ റഷ്യ ആലോചിച്ചിരുന്നതായി വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. മറ്റ് ആധങ്ങൾ നൽകാനും നീക്കമുണ്ടായിരുന്നു. എന്നാൽ
പടിഞ്ഞാറൻ രാജ്യങ്ങളുടെ ഇടപെടലിനെ തുടർന്നു നീക്കം അവസാന നിമിഷം ഉപേക്ഷിക്കുകയായിരുന്നു. അതേസമയം, ഇറാനാണ് ആയുധ ഇടപാടുമായി ബന്ധപ്പെട്ട ചർച്ചയ്ക്കു മേൽനോട്ടം വഹിക്കുന്നതെന്ന വിവരം ഇതാദ്യമായാണു പുറത്തുവരുന്നത്.
ഈ വർഷം രണ്ടു തവണ ഹൂതികളും റഷ്യൻ പ്രതിനിധികളും ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ കൂടിക്കാഴ്ച നടത്തിയിരുന്നതായാണു വിവരം. മിസൈൽ കൈമാറ്റം തന്നെയായിരുന്നു കൂടിക്കാഴ്ചയിലെ പ്രധാന ചർച്ചയെന്ന് 'ഇറാൻഇന്റർനാഷനൽ' റിപ്പോർട്ട് ചെയ്യുന്നു. 300 കി.മീറ്റർ ദൂരം വരെ ആക്രമിക്കാൻ ശേഷിയുള്ള മിസൈലുകളാണ് ഹൂതികൾക്ക് കൈമാറാൻ ആലോചന നടക്കുന്നത്. വരും ദിവസങ്ങളിലും ഈ ചർച്ച തുടരുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.