ന്യൂഡല്‍ഹി: അമ്മയും ഡബ്ല്യൂസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താനെന്ന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന നടന്‍ സിദ്ദിഖ്. തെളിവുകള്‍ ശേഖരിച്ചുവെന്നാണ് പ്രൊസിക്യൂഷന്‍ തന്നെ വ്യക്തമാക്കുന്ന സാഹചര്യത്തില്‍ തന്നെ കസ്റ്റഡിയില്‍ എടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ലെന്നും നടന്‍ പറഞ്ഞു.
കേസില്‍ ലൈംഗിക ക്ഷമത പരിശോധന ആവശ്യമില്ലെന്നും ലൈംഗിക ബന്ധം നടന്നുവെന്ന ആക്ഷേപം പരാതിക്കാരിക്കില്ലെന്നും ഹര്‍ജിയില്‍ അറിയിച്ചു. ബലാത്സംഗകേസില്‍ ഒളിവില്‍ കഴിയുന്ന സിദ്ദിഖ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്.
പരാതിക്കാരിയുടെ വിശ്വാസ്യത ചോദ്യം ചെയ്തിട്ടില്ലെന്നും പരാതിയുടെ വിശ്വാസ്യതയാണ് ഹൈക്കോതിയില്‍ ചോദ്യം ചെയ്തതെന്നും അതിജീവിതയുടെ മൊഴി മാത്രമാണ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിലുള്ളതെന്നും സിദ്ദിഖ് ജാമ്യഹര്‍ജിയില്‍ ചൂണ്ടികാട്ടുന്നു. തനിക്ക് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഹൈക്കോടതി വിധി ക്രിമിനല്‍ നിയമ തത്വങ്ങള്‍ക്ക് എതിരാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേസിലെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതില്‍ ഹൈക്കോടതി പരാജയപ്പെട്ടു. പരാതി നല്‍കാന്‍ വൈകിയതിലെ വാദം പരിഗണിക്കുന്നതിലും കോടതിക്ക് പിഴവ് പറ്റി. കസ്റ്റഡിയില്‍ എടുത്തുള്ള ചോദ്യം ചെയ്യല്‍ ആവശ്യമല്ലെന്നും ജയിലില്‍ അടക്കുന്നത് നീതി നിഷേധം ആകുമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. മുന്‍കൂര്‍ജാമ്യാപേക്ഷ തിങ്കളാഴ്ച്ചയെങ്കിലും പരിഗണിക്കണമെന്നും സിദ്ദിഖ് ആവശ്യപ്പെട്ടിട്ടുണ്ട്.