യുഎഇയിലെ പൊതുമാപ്പ്; പ്രവാസികളേ ഈ അവസരം പാഴാക്കരുത്, സഹായത്തിനായി ഹെൽപ്പ്‍ലൈൻ നമ്പർ പുറത്തിറക്കി കോൺസുലേറ്റ്


യുഎഇയിലെ പൊതുമാപ്പ്; പ്രവാസികളേ ഈ അവസരം പാഴാക്കരുത്, സഹായത്തിനായി ഹെൽപ്പ്‍ലൈൻ നമ്പർ പുറത്തിറക്കി കോൺസുലേറ്റ്


അബുദാബി: യുഎഇ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധിക്ക് ഇന്ന് മുതൽ തുടക്കമായി. പൊതുമാപ്പില്‍ നാട്ടില്‍ പോകുന്ന പ്രവാസികള്‍ക്ക് വേണ്ട സഹായങ്ങളുമായി ഇന്ത്യന്‍ എംബസിയും ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സജ്ജമായി. രാജ്യത്തേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് സൗജന്യമായി ലഭിക്കും.

യുഎഇയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കുറഞ്ഞ കാലാവധിയുള്ള പാസ്പോര്‍ട്ട് നല്‍കുന്നതിനും നടപടികള്‍ പൂര്‍ത്തിയായി. എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കുന്നതിനുള്ള കൗണ്ടറുകള്‍ ദുബൈയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിലും അവ്വീര്‍ ഇമിഗ്രേഷന്‍ സെന്‍ററിലും ഒരുക്കിയിട്ടുണ്ട്. ഈ കൗണ്ടറുകള്‍ സെപ്തംബര്‍ 2 മുതല്‍ പ്രവര്‍ത്തന സജ്ജമാകും. രാവിലെ 8 മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവര്‍ത്തന സമയം. അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ്, അപേക്ഷ സമര്‍പ്പിച്ചതിന്‍റെ പിറ്റേന്ന് തന്നെ ലഭിക്കും. ഉച്ചയ്ക്ക് 2 മണി മുതല്‍ 4 മണി വരെ ഇത് ലഭിക്കും. 


ഹ്രസ്വകാല പാസ്പോർട്ടിന് ദുബായിലെയും നോർത്തേൺ എമിറേറ്റുകളിലെയും ബിഎൽഎസ് സെന്ററുകളിൽ മുൻകൂർ അനുമതിയില്ലാതെ തന്നെ നേരിട്ടെത്തി അപേക്ഷ നൽകാം. ബിഎൽഎസ് സെന്‍ററുകള്‍  ഞായറാഴ്ച ഉള്‍പ്പെടെ എല്ലാ ദിവസവും തുറന്ന് പ്രവര്‍ത്തിക്കും. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 വരെയാണ് പ്രവര്‍ത്തന സമയം. ബില്‍എസ് സെന്‍ററുകളുടെ വിവരങ്ങള്‍ ലഭിക്കുന്നതിന് https://www.cgidubai.gov.in/page/passport-services/ സന്ദര്‍ശിക്കുക. 

വിവരങ്ങള്‍ക്ക് കോണ്‍സുലേറ്റുമായും ബന്ധപ്പെടാം. ഇന്ത്യക്കാര്‍ക്കായി 050-9433111 എന്ന ഹെല്‍പ്പ്‍ലൈന്‍ നമ്പര്‍ കോണ്‍സുലേറ്റ് പുറത്തിറക്കിയിട്ടുണ്ട്. ഈ നമ്പറില്‍ രാവിലെ 8 മണി മുതല്‍ വൈകിട്ട് 6 മണി വരെ ബന്ധപ്പെടാം. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്  പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന്‍റെ ഹെല്‍പ്പ്‍ലൈന്‍ നമ്പറായ  800-46342 ലും ബന്ധപ്പെടാം. ഈ സേവനം 24 മണിക്കൂറും ലഭ്യമാണ്. 

അതേസമയം പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകുന്നവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റ് ലഭ്യമാക്കണമെന്ന് അബുദാബി കെഎംസിസി ആവശ്യപ്പെട്ടിരുന്നു. നോർക്ക റൂട്സ് വഴി ടിക്കറ്റ് നൽകണമെന്നായിരുന്നു ആവശ്യം. പിഴയില്ലാതെ രാജ്യം വിടാനും താമസരേഖകൾ ശരിയാക്കാനുമുള്ള അവസരമാണ് പൊതുമാപ്പ് കാലയളവ്. സെപ്തംബർ 1 മുതൽ അംഗീകൃത ടൈപ്പിങ് സെന്‍ററുകളില്‍ അപേക്ഷ ഫോം ലഭിക്കും. കേസുകളുള്ളവർ ഇവ രണ്ട് മാസത്തെ ഗ്രേസ് പീരീഡിനുള്ളില്‍ തീർപ്പാക്കണം.